valliyoor
വള്ളിയൂർക്കാവ് കമ്മനപാലം



മാനന്തവാടി: ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു. കാലങ്ങളായി അവഗണനയിലായിരുന്ന വള്ളിയൂർക്കാവ് കമ്മന പാലത്തിന് ശാപമോക്ഷം. 17.6 കോടി രൂപയുടെ ഭരണാനുമതിയാണ് വള്ളിയൂർക്കാവ് കമ്മനപാലത്തിന് ലഭിച്ചത്. സംസ്ഥാനത്തെ 29 റോഡുകൾക്കും, 6 പാലങ്ങൾക്കും, 10 കെട്ടിടങ്ങൾക്കുമാണ് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചത്.
2019-20 വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച ഈ പാലത്തിന് ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ, എസ്റ്റിമേറ്റ് എന്നീ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് ഭരണാനുമതി ലഭിച്ചത്. വള്ളിയൂർക്കാവ് കമ്മനപാലം പ്രവർത്തി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് അവസാനമാകും. വർഷങ്ങൾക്ക്മുമ്പ് വള്ളിയൂർക്കാവ് നിന്ന് കമ്മന പ്രദേശത്തേക്ക് നിർമ്മിച്ച വളരെ വീതികുറഞ്ഞ പാലമാണ് ഇപ്പോഴുമുള്ളത്. ഒരു ചെറിയ വാഹനത്തിന് കഷ്ടിച്ച് മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ കഴിയൂ. പാലത്തിന്റെ കൈവരികൾ തകർന്ന് അപകട ഭീഷണിയിലുമാണ്.
മഴക്കാലമാകുന്നതോടെ പലപ്പോഴും ഈ പാലം വെള്ളത്തിനടിയിലാകും. ഇതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. പുതിയ പാലം നിർമ്മിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാകും. സർക്കാരിൽ നിരന്തരമായി ഇടപെടൽ നടത്തിയാണ് ഭരണാനുമതി നേടിയെടുത്തതെന്നും, സമയബന്ധിതമായി പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മാനന്തവാടി എംഎൽഎ ഒ.ആർ കേളു പറഞ്ഞു.