മാനന്തവാടി: അരനൂറ്റാണ്ട് പിന്നിടുമ്പോഴും അവഗണനയിലാണ് വള്ളിയൂർക്കാവ്, വരടിമൂല, ഒണ്ടയങ്ങാടി റോഡ്. മാനന്തവാടി നഗരത്തിൽ നിന്ന് വിളിപ്പാടകലെയുള്ള ഈ റോഡ് പാടെ തകർന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും പുരാതന റോഡ് കൂടിയാണിത്. ഇവിടെ കുടിയേറി പാർത്ത കർഷകർ സ്ഥലം വിട്ടുനൽകി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിൽ പിന്നീട് ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് കുണ്ടും, കുഴിയുമായി നടക്കാൻ പോലും കഴിയാത്ത നിലയിലാണ്. മഴ പെയ്യുമ്പോൾ വലിയ ഗർത്തങ്ങളിൽ വെള്ളം കെട്ടികിടന്ന് ദുരിതം ഇരട്ടിയാകും.
ടാക്സി വാഹനങ്ങൾ ഈ റോഡിലൂടെ ഓടുന്നത് നിർത്തിവെച്ചിരിക്കുകയാണ്. പ്രായമായവരെയും, രോഗികളേയും ചുമന്ന് കൊണ്ട് പോകേണ്ട ഗതികേടിലാണ്. ഇരുചക്രവാഹനവുമായി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ പ്രദേശവാസിയായ ബേബി നടക്കാൻ പോലുമാവാതെ ചികിത്സയിൽ കഴിയുകയാണ്. പ്രളയത്തിൽ റോഡിലെ കലുങ്കും തകർന്നു.
കർണ്ണാടകയിൽ നിന്ന് വരുന്നവർക്കും, തിരുനെല്ലി ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നവർക്കും നഗരത്തിൽ പ്രവേശിക്കാതെ വള്ളിയൂർക്കാവ് ക്ഷേത്രം, കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുന്ന എളുപ്പമാർഗ്ഗം കൂടിയാണിത്. റോഡരികിൽ വളർന്ന് നിൽക്കുന്ന കാടുകൾ വെട്ടിമാറ്റാൻ പോലും തയ്യാറാകാത്ത അധികൃതരുടെ നിലപാടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.