pension
പങ്കാളിത്ത പെൻഷൻ

സുൽത്താൻ ബത്തേരി : പങ്കാളിത്ത പെൻഷൻകാരെ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള പ്രക്ഷോഭത്തിലേക്ക്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹാജരാക്കുകയോ, ഇതു സംബന്ധിച്ച തീരുമാനം എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഒരു മാസം മുമ്പാണ് റിപ്പോർട്ട് ഹാജരാക്കാൻ ട്രിബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകിയത്. പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്നപ്പോൾ സർക്കാർ നിയോഗിച്ച സമിതി 2021 ഏപ്രിലിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ സർക്കാർ ഇതുവരെ റിപ്പോർട്ട് പുറത്തുവിടുകയോ ശുപാർശകളിൽ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ നാല് വർഷമായി പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ട്രിബ്യൂണലിൽ എത്തുന്ന കേസുകളിൽ പുനഃപരിശോധനാ സമിതിയെ നിയമിച്ചിട്ടുണ്ടെന്ന സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തീരുമാനം വൈകുന്നതിൽ ഇടത്- വലത് സർവീസ് സംഘടനകളിലെ അംഗങ്ങൾക്കിടയിലും അതൃപ്തി ശക്തമായിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ഇടതു സർവീസ് സംഘടനകൾ സമരം നടത്തിയിരുന്നു. എന്നാൽ എൽ.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ പഴയ സമരാവേശം ഇല്ലെന്നാണ് ആക്ഷേപം. അതെസമയം പങ്കാളിത്ത പെൻഷൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണ്. രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ്. കേരളവും സമാന നിലപാട് സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യ.