മാനന്തവാടി: ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ 'സ്ട്രീറ്റ്' പദ്ധതി. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ 'ടൂറിസം ഫോർ ഇൻക്ലുസീവ് ഗ്രോത്ത്' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് സ്ട്രീറ്റ്.
ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക് കുറച്ച് സ്ഥലങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ മാറ്റി സമീപപ്രദേശങ്ങളിൽ കൂടി ടൂറിസം വ്യാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളേയും ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെയുമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രവർത്തി നടപ്പിലാക്കുക. വയനാട് ജില്ലയിൽ പുൽപള്ളി പഞ്ചായത്തിലെ ചേകാടിയിൽ ആദ്യഘട്ടത്തിലെ പ്രാദേശിക സാധ്യത പഠനം പൂർത്തിയാക്കി. ഫാം ടൂറിസം, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, റിവർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് തുടങ്ങിയ വൈവിധ്യങ്ങളാണ് സ്ട്രീറ്റ് പദ്ധതിയിൽ ഉണ്ടാകുക.
ഓരോ പ്രദേശത്തിന്റേയും സാധ്യതകൾക്ക് അനുസരിച്ച് വനിതാ സംരംഭകരുടേയും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും പരമാവധി പങ്കാളിത്തം ഉറപ്പാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തിന്റെ സാധ്യതകൾക്കനുസരിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി കാര്യക്ഷമമാകുന്നതോടെ വിനോദ സഞ്ചാരമേഖലയിൽ പുത്തൻ ഉണർവാകും. പദ്ധതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് മാനന്തവാടി എംഎൽഎ ഒ.ആർ.കേളു നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.