മാനന്തവാടി: വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ വയോജന സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു ബ്ലോക്കിനാണ് ഒരു ലക്ഷം രൂപയും പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുള്ളത്. സെക്കൻഡറി പാലിയേറ്റീവ്, കനിവ് സഞ്ചരിക്കുന്ന ആതുരാലയം തുടങ്ങിയ പദ്ധതികളുടെ ചിട്ടയായ നടത്തിപ്പാണ് മാനന്തവാടി ബ്ലോക്കിനെ അവാർഡിന് അർഹമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, മെഡിക്കൽ ഓഫീസർമാർ ബ്ലോക്ക് ഓഫീസിലെയും പ്രൊജക്ടുകളിലെയും ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് പുരസ്‌കാരം നേടുന്നതിന് സഹായിച്ചത്.