മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മാനന്തവാടി ബോയ്സ് ടൗണിൽ ഗ്ലെൻലവൻ എസ്‌റ്റേറ്റിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി അനുവദിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ഉത്തരവ് ഇറക്കിയത്.
മാനന്തവാടി ജില്ലാ ആശുപത്രിയെ താത്ക്കാലികമായി മെഡിക്കൽ കോളേജ് ആയി ഉയർത്തിയിരുന്നു.
എന്നാൽ ജില്ലാ ആശുപത്രിക്ക് നിലവിൽ 8.74 ഏക്കർ ഭൂമി മാത്രമാണ് കൈവശമുള്ളത്. മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമുണ്ടെന്നതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയത്. മെഡിക്കൽ കോളേജ് പ്രവർത്തനത്തിനായി 125 അദ്ധ്യാപക തസ്തികകളും, 15 അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ച് സർക്കാർ ഉത്തരവ് നേരത്തെ ഇറക്കിയിരുന്നു.
മെഡിക്കൽ കോളേജ് വികസനത്തിനായി വയനാട് ജില്ലാ കലക്ടർ ചെയർമാനായി 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുത്ത് ഉത്തരവ് ആയതോടെ വയനാട്ടിലെ മെഡിക്കൽ കോളേജ് പ്രവർത്തനത്തിന് വേഗത വർദ്ധിച്ചു.