മാനന്തവാടി: വിവിധ ഗോത്രവിഭാഗങ്ങളിൽപെട്ട 10 ദമ്പതികളുൾപ്പെടെ 22 പേരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 27 ഞായറാഴ്ച മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂൾ ഓഡറ്റോറിയത്തിലാണ് സാമൂഹ്യ വിവാഹ സംഗമം ഒരുക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്പന്ദനം സന്നദ്ധസംഘടനയുടെ മുഖ്യരക്ഷാധികാരിയും മാനന്തവാടി താന്നിക്കൽ സ്വദേശിയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്തിന്റെ രണ്ടു പുത്രന്മാരുടെ വിവാഹ സൽക്കാരച്ചടങ്ങിനൊപ്പമാണ് സാമൂഹ്യ വിവാഹ സംഗമം ഒരുക്കുന്നത്. വധൂവരന്മാരുടെ കൂട്ടത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള ഇരുള വിഭാഗത്തിൽനിന്നുള്ള വരനും വയനാട്ടിലെ പണിയ വധുവുമുണ്ട്. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നും തമിഴ് നാട്ടിലെ ഗൂഡല്ലൂർ നിന്നുമുള്ള യുവതീയുവാക്കളുണ്ട്.
മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ സാംസ്‌ക്കാരിക സമ്മേളനവും പ്രശസ്ത ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സംഗീതവും ഗോത്ര ജനവിഭാഗങ്ങളുടെ തനത് നൃത്തനൃത്യങ്ങളും അരങ്ങേറും. ഓരോ മിഥുനങ്ങൾക്കും സ്വർണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും നല്കുന്നതോടൊപ്പം ബന്ധുമിത്രാദികൾക്കായി സ്‌നേഹവിരുന്നും സ്പന്ദനം ഒരുക്കുന്നുണ്ട്.
ജോസഫ് ഫ്രാൻസിസിന്റെയും പത്നി ജോളി ജോസഫിന്റെയും പുത്രൻമാരായ ജോമോൻ പ്രശസ്ത തെന്നിന്ത്യൻ സിനിമാ നായിക റെബ മോനിക്കയെയും ഇളയമകൻ ജോഫി, ബാംഗ്ലൂരിലെ പ്രമുഖ ഓർഗാനിക് ബ്രാൻഡായ ഹാപ്പി മിൽക്ക്സ് ഉടമ മെഹൽ കെജ്രിവാളിനെയും ആണ് ഈയിടെ വിവാഹം കഴിച്ചത്.
പത്രസമ്മേളനത്തിൽ സ്പന്ദനം പ്രസിഡന്റ് ഡോ.എ. ഗോകുൽദേവ്, സെക്രട്ടറി പി.സി.ജോൺ, സംഘാടക സമിതി ചെയർമാൻ ഫാ. വർഗ്ഗീസ് മറ്റമന, പി.ആർ.ഒ കെ.എം.ഷനോജ്, ജസ്റ്റിൻ പനച്ചിയിൽ, പി.കെ.മാത്യു, കെ മുസ്തഫ എന്നിവർ പങ്കെടുത്തു.