road
തകർന്ന് കിടക്കുന്ന കോട്ടൂർ അപ്രോച്ച് റോഡ്

അമ്പലവയൽ : രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റോഡ്പണി ഇപ്പോഴും പാതിവഴിയിൽ. കേരളവും തമിഴ്നാടും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന എരുമാട്-കോട്ടൂർ വടുവൻചാൽ റോഡാണ് ഏങ്ങുമെത്താതെ നീളുന്നത്. തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കോട്ടൂർപാലത്തിന്റെ നിർമ്മാണം കഴിഞ്ഞങ്കിലും അപ്രോച്ച് റോഡിന്റെ പണി നടക്കാത്തതുകാരണം കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. പി.കൃഷ്ണപ്രസാദ് സുൽത്താൻ ബത്തേരി എം.എൽ.എ യായിരുന്ന സമയത്താണ് കോട്ടൂർ വടുവൻചാൽ റോഡിന്റെയും കോട്ടൂർ പാലത്തിന്റെയും നിർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയത്. പണി കരാറെടുത്തയാൾ റോഡിന്റെ പണി ഉപകരാർ നൽകി. വടുവൻചാലിന് സമീപമുള്ള മേനോൻമുക്കിൽ നിന്നാരംഭിക്കുന്ന റോഡിന്റെ പണി അപ്പുട്ടിക്കവല വരെ നടത്തിയങ്കിലും പണി കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകുന്നതിന് മുമ്പ് പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയുമായി മാറി. തമിഴ്നാട്ടിൽ നിന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്കും കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്കും രോഗികളെയും കൊണ്ട് എളുപ്പത്തിൽ എത്താവുന്ന പാതയാണിത്. അമ്പലവയൽ പഞ്ചാത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശവും കൂടിയാണിത്. റോഡ് തകർന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും റോഡ് നന്നാക്കുന്നതിനെപ്പറ്റി ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. നിർമ്മാണത്തിലെ അപാകതകാരണം റോഡ് തകർന്നതോടെ കരാറുകാരന് ബില്ല് മറാനും കഴിഞ്ഞിട്ടില്ല. നിരവധി ആളുകൾ അധിവസിക്കുന്ന പ്രദേശത്തെ ഏക റോഡാണിത് . റോഡ് തകർന്ന് കാൽനടയാത്രപോലും ദുസഹമായതോടെ ജനങ്ങൾ അവസാനം രംഗത്തിറങ്ങി കുണ്ടും കുഴിയും മണ്ണിട്ട് അടച്ചാണ് ഇപ്പോൾ റോഡിലൂടെ യാത്ര ചെയ്യുന്നത്. അപ്രോച്ച് റോഡ് നന്നാക്കാത്തത് കാരണം പാലത്തിലേക്ക് കയറാൻ ഏണിവെച്ച് കയറണ്ട അവസ്ഥയായിരുന്നെങ്കിലും പാലത്തിന് സമിപം മണ്ണ് ഇട്ട് പൊന്തിച്ചാണ് പാലത്തിലൂടെ കടക്കുന്നത്.
കോട്ടൂർ മുതൽ മേനോൻമുക്ക് വരെ രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ മേനോൻമുക്ക് മുതൽ അപ്പുട്ടിക്കവലവരെയുള്ള ഭാഗം വൺടൈം സെറ്റിൽമെന്റിൽപ്പെടുത്തി ജില്ലാ പഞ്ചായത്താണ് പണി നടത്തിയത്. ഇതാണ് പണി പൂർത്തികരിതച്ചതിന്റെ പിന്നാലെ റോഡ് പൊളിഞ്ഞുപോയത്. റോഡിന്റെ ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നു. റോഡ് ജില്ലാ പഞ്ചായത്തിന്റെതാണെന്നും അതല്ല ഗ്രാമപഞ്ചായത്തിന്റെതാണെന്നുമാണ് തർക്കം . മുക്കാൽ കിലോമീറ്ററോളം വരുന്ന റോഡ് നേരത്തെ പണികഴിപ്പിച്ചത് ജില്ലാ പഞ്ചായത്താണ് . റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുക്കുമെന്ന് പറഞ്ഞ് റോഡിന്റെ ഇരുവശവുമുള്ള ആളുകൾ അവരവരുടെ കൈവശത്തിലുള്ള സ്ഥലം വിട്ടുനൽകുകയുണ്ടായെന്നും എന്നാൽ റോഡ് നന്നാക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർയാതൊരുവിധ തുടർനടപടികളും സ്വീകരിച്ചില്ലെന്ന്പ്രദേശവാസിയും രാഷ്ട്രീയ-സാമൂഹ്യ -സാംസ്‌ക്കാരികപ്രവർത്തകനുമായ എ.എം.ജോയി പറഞ്ഞു.

സുൽത്താൻ ബത്തേരി എം.എൽ.എ അമ്പലവയൽ പഞ്ചായത്തിനോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് കോട്ടൂർ പ്രദേശത്തോടും കാണിക്കുന്നത്. സ്ഥലം എംഎൽഎ മുൻകൈയെടുത്താൽ റോഡ്പണി പൂർത്തീകരിക്കാൻ വേണ്ടുന്ന നടപടിസ്വീകരിക്കാൻ കഴിയും. എം.എൽഎ ഫണ്ട് പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിക്കാത്തത് അവഗണനയുടെ ഭാഗമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഹഫ്സത്ത് പറഞ്ഞു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പണി നടത്തുക എന്നത് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഉത്തരവാദിത്വമാണ്. അതെസമയം ജില്ലാ പഞ്ചായത്തോ എം.എൽ.എയോ ഫണ്ടോ വകയിരുത്തിയാൽ പ്രശ്നം തീരാവുന്നതേയുള്ളുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.