 
മാനന്തവാടി: കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം നടന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് ജനത്തിരക്ക്. അർദ്ധരാത്രിവരെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ക്ഷേത്രത്തിലേക്ക്.
ഉത്സവം തുടങ്ങി ഏഴാം നാളായ ഇന്നലെയായിരുന്നു കൊടിയേറ്റം. ആദിവാസികൾ വനത്തിൽ നിന്ന് കൊണ്ട് വന്ന ചില്ലകളോടു കൂടിയ മുളകൾ താഴെക്കാവിൽ ഉയർത്തിയതോടെ ഉത്സവം ചൂട് പിടിച്ചു. ഉത്സവം ആരംഭിച്ച മീനം ഒന്നാം തീയതി മുതൽ തന്നെ ജനതിരക്ക് തുടങ്ങിയിരുന്നു.
താഴെക്കാവിലെ ഉത്സവഘോഷ സമിതിയുടെ സ്റ്റേജിൽ ദിവസവും കലാപരിപാടികൾ നടക്കുന്നുണ്ട്. കുട്ടികളുടെ അരങ്ങേറ്റവും ഇവിടെ നടക്കുന്നുണ്ട്. മിക്ക ദിവസവും കലാപരിപാടികൾ അവസാനിക്കുന്നത് അർദ്ധരാത്രിയോടെയാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വളളിയൂർക്കാവിലേക്ക് ജനം പ്രവഹിക്കുകയാണ്. കോൽക്കളി,കരോക്കെ ഗാനമേള, തൃശ്ശിലേരി നാട്ടുപാെലികയുടെ നാടൻ പാട്ട്,കാവുപുര കോളനിവാസികൾ അവതരിപ്പിച്ച കലാസന്ധ്യ,യങ്ങ് സ്റ്റാർ കൊടുമുടിയിൽ കുന്നിലെ കുട്ടികളുടെ നൃത്തനൃത്യങ്ങൾ,ചിലമ്പൊലി എന്നിവ ഏഴ് ദിവസത്തിനകം അരങ്ങേറി. വരും ദിനങ്ങളിൽ നിറയെ കലാപരിപാടികൾ ആഘോഷ കമ്മറ്റി ഒരുക്കിയിട്ടുണ്ട്.
വെളളിയാഴ്ച ഒപ്പന വരവ് ദിവസം സാംസ്ക്കാരിക സമ്മേളനം നടക്കും. എം.എൽ.എമാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, കമ്മീഷണർ എ.എൻ.നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും. അന്നേദിവസം കോഴിക്കോട് അഷ്ടലക്ഷ്മി തിരുവാതിര ഗ്രൂപ്പിന്റെ തിരുവാതിരക്കളിയും ഉണ്ട്. രാത്രി ഒമ്പത് മണിക്ക് ഗാനമേളയും നടക്കും.
ഞായറാഴ്ച നാട്യരത്ന മനോജ് മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി, കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ ഡിജിറ്റൽ ബാലെ യക്ഷനഗരിയും നടക്കും. തിങ്കളാഴ്ച അർദ്ധ രാത്രിക്ക് ശേഷമാണ് രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ഉത്സവത്തിന് സമാപനം കുറിക്കുക. സമാപന ദിവസം വയനാട്ടിൽ നിന്നും പുറത്ത് നിന്നുമായി ജനലക്ഷങ്ങൾ ഉത്സവത്തിൽ പങ്കെടുക്കാനെത്തും.
മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സജീവമായി രംഗത്തുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽബസ് സർവീസും ആരംഭിച്ചിട്ടുണ്ട്.