തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ലീഗി​ന്റെ വനിതാ അംഗവും, കോൺഗ്രസ് അംഗവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. കഴിഞ്ഞ ദിവസം നടന്ന ബോർഡ് മീറ്റിങ്ങിൽ ലീഗ് വനിതാ മെമ്പറായ കമറുന്നിസയെ അപമാനിക്കുന്ന തരത്തിൽ കോൺഗ്രസ് മെമ്പറായ ജോസ് പാറക്കൽ പരാമർശം നടത്തിയതായി ലീഗ് ആരോപിക്കുന്നു. ജോസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ ലീഗ് അനുഭാവികൾ പഞ്ചായത്ത് പരിസരത്തെത്തി. തുടർന്ന് കോൺഗ്രസ് അംഗമായ മുരുകേശനുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ മുരുകേശൻ മർദ്ദി​ച്ചതായി ആരോപിച്ച് കമറുന്നിസ തലപ്പുഴ പൊലീസിൽ പരാതി നൽകാൻ പോയെങ്കിലും ചർച്ച നടത്തി പരിഹാരം കാണാമെന്ന കോൺഗ്രസ് നേതൃത്വവുമായുള്ള വ്യവസ്ഥയിൽ മടങ്ങുകയായിരുന്നു.