മാനന്തവാടി: മാനന്തവാടി നഗരസഭയിൽ ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ ക്രമക്കേടാരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ചെയർപേഴ്സന്റെ ക്യാബിന് മുന്നിൽ പ്ലക്കാർഡുകളുമായി കുത്തിയിരുപ്പു സമരം നടത്തി. നഗരസഭാ പരിധിയിൽ ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 39 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതിക്കായി മാറ്റിവച്ച ഭൂരിഭാഗം തുകയും നഗരസഭയിലെ ചില കൗൺസിലർമാരുടെ മാത്രം താൽപ്പര്യങ്ങൾക്കു വിധേയമായിട്ടാണ് ചിലവഴിക്കുന്നതെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു.
സ്വജനപക്ഷപാതം കാണിക്കുന്ന നഗരസഭാ ഭരണസമിതി തീരുമാനങ്ങൾ അട്ടിമറിക്കുകയാണെന്നും ആരോപണമുണ്ട്. ലൈറ്റുകൾ അത്യാവശ്യമായ പല സ്ഥലങ്ങളിലും സ്ഥാപിക്കാതെ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ചാണ് സ്ഥാപിക്കുന്നത്.
വികസന പദ്ധതികളിലെല്ലാം എൽ.ഡി.എഫിന്റെ ഡിവിഷനുകളെ അവഗണിക്കുന്ന നിലപാടാണെന്നും അവർ കുറ്റപ്പെടുത്തി. എൽ ഡി എഫ് കൗൺസിലർമാരായ കെ.എം.അബ്ദുൾ ആസിഫ്,വി.കെ.സുലോചന, സീമന്തിനി സുരേഷ്, വിപിൻ വേണുഗോപാൽ, വി.ആർ.പ്രവീജ്, സിനി ബാബു, ഷൈനി ജോർജ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.