കൽപ്പറ്റ: സ്പന്ദനം മാനന്തവാടിയുടെ 16ാം വാർഷികവും സമൂഹവിവാഹ സംഗമവും ഞായറാഴ്ച മാനന്തവാടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22 മിഥുനങ്ങളെ കുടുംബജീവിതത്തിലേക്ക് ആനയിക്കും.
രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സ്പന്ദനം ജീവകാരുണ്യ നിധിയിലേക്ക് റിഷി ഗ്രൂപ്പിന്റെ ഒരു കോടി രൂപ റിഷി എക്സിക്യുട്ടീവ് ഡയറക്ടർ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് കൈമാറും. സ്പന്ദനം പ്രസിഡന്റ് ഡോ.എ.ഗോകുൽദേവ് അദ്ധ്യക്ഷത വഹിക്കും.

സുകുമാർ അഴീക്കോട് 2006 ൽ ഉദ്ഘാടനം ചെയ്ത് മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധപ്രവർത്തക കൂട്ടായ്മയാണ് സ്പന്ദനം. താന്നിക്കൽ സ്വദേശിയും ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ വ്യവസായ സംരംഭങ്ങളുടെ ഉടമയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് സാരഥ്യം വഹിക്കുന്ന റിഷി ഗ്രൂപ്പ് കമ്പനിയുടെ സാമൂഹ്യസുരക്ഷാ നിധിയിൽ നിന്നുള്ള സംഭാവനകൾ ലഭ്യമായതോടെ സ്പന്ദനം കൂടുതൽ സജീവമായി.

മാസംതോറും നിർധന രോഗികൾക്ക് ആവശ്യമായ ഔഷധങ്ങളും, ചികിത്സാ സഹായങ്ങളും, കിടപ്പുരോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികളും, വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായങ്ങളും നൽകിവരുന്നുണ്ട്. ഡയാലിസിസ്‌ കേന്ദ്രങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്.

ജോസഫ് ഫ്രാൻസിസിന്റെ രണ്ട് പുത്രന്മാരുടെ വിവാഹ സ്വീകരണത്തോടൊപ്പമാണ് നിർദ്ധന യുവതികളുടെ വിവാഹ പദ്ധതി.

പത്രസമ്മേളനത്തിൽ സ്പന്ദനം സമൂഹ വിവാഹ സംഘാടകസമിതി ചെയർമാൻ ഫാ വർഗ്ഗീസ് മറ്റമന, കൺവീനർ ബാബുഫിലിപ്പ് കുടക്കച്ചിറ, സ്പന്ദനം സെക്രട്ടറി പി.സി.ജോൺ, റിഷി കമ്പനി പി.ആർ.ഒ ബേസിൽ ജോഷി, സ്പന്ദനം പി.ആർ.ഒ. കെ.എം.ഷിനോജ്, മുസ്തഫ കോമത്ത്, എൻ.കെ.കുര്യൻ, മുഹമ്മദ് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.