സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ സുൽത്താൻ ബത്തേരിക്കടുത്ത ദൊട്ടപ്പൻകുളത്ത് കാറിടിച്ച് കാട്ടുപന്നി ചത്തു. ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് സംഭവം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ഒറ്റയാനായ പന്നിക്ക് അപകടം സംഭവിച്ചത്. ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ സി.കെ.സഹദേവൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇവിടെവെച്ചാണ് കഴിഞ്ഞ ആഴ്ച പന്നിയിടിച്ചത്. ഗുരുതരമായി പരക്കേറ്റ സഹദേവൻ ആശുപത്രിയിൽ ചികിൽസയിലാണ്.
ബത്തേരി പട്ടണത്തിലും പരിസര പ്രദേശമായ ദൊട്ടപ്പൻകുളം, ബീനാച്ചി എന്നിവിടങ്ങളിലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പുലർച്ചെയും, സന്ധ്യമയങ്ങുന്നതോടെയും കാട്ടുപന്നിയുടെ വരവ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടമായും പന്നികൾ ജനവാസകേന്ദ്രത്തിലും പട്ടണത്തിലും ഇറങ്ങാൻ തുടങ്ങിയിട്ടും പന്നികളെ വനമേഖലയിൽ തന്നെ തടഞ്ഞുനിർത്താൻ വേണ്ട നടപടി വനം വകുപ്പ് സ്വീകരിച്ചിട്ടില്ല.