മാനന്തവാടി: വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ചേരാങ്കോട്ട് ഇല്ലത്ത് നിന്നുളള ഒപ്പന ഇന്നലെ വളളിയൂർക്കാവിലെത്തി. ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ചേരാങ്കോട്ട് ഇല്ലത്ത് നിന്ന് ഒാടിയും നടന്നുമായാണ് സന്ധ്യയോടെ വളളിയൂർക്കാവിൽ ഒപ്പനക്കോപ്പുകൾ എത്തിച്ചത്.
ദേവിയുടെ ദിവ്യരൂപങ്ങൾ അടങ്ങിയ വസ്തുക്കളാണ് ഒപ്പനക്കോപ്പ്. ഇന്നലെ ഉച്ച കഴിഞ്ഞ് ചേരാങ്കോട്ട് ഇല്ലത്തെ അവകാശിയോട് യാത്ര ചോദിച്ച് കൊണ്ടാണ് മേൽശാന്തി ഒപ്പനക്കോപ്പുകളായി മാനന്തവാടി വളളിയൂർക്കാവ് ലക്ഷ്യം വച്ച് യാത്ര തിരിച്ചത്. വഴിയിൽ ചെറിയ തോതിൽ മഴ ഉണ്ടായി. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതത്തിന് ശേഷമാണ് ഒപ്പന കോപ്പുകൾ കൊണ്ടുവരാനായി കഴിഞ്ഞ ദിവസം മേൽശാന്തി ചേരാങ്കോട്ട് ഇല്ലത്തേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച കോപ്പുകളുമായി വളളിയൂർക്കാവിൽ എത്തിയ മേൽശാന്തിയെ വരവേൽക്കാൻ മുൻവർഷത്തെ അപേക്ഷിച്ച് വൻജനാവലി കാത്ത് നിൽപ്പുണ്ടായിരുന്നു. മേലെക്കാവിൽ എത്തിയ ഉടൻ കതിന വെടി മുഴങ്ങി. തുടർന്ന് താഴെക്കാവിൽ എത്തി വാൾ അറയ്ക്ക് മുന്നിലുളള പാട്ട് പുരയിൽ ഒപ്പന കൊണ്ടുവന്ന് വച്ചു. ഇന്നലെ രാത്രി മുതൽ ദേവിയുടെ ദിവ്യരൂപം ഇവിടെ നിന്ന് അർദ്ധരാത്രിയോടെ കെട്ടികാണിക്കും. ഉത്സവം കഴിയുന്നതുവരെ അർദ്ധ രാത്രി ഇൗ ചടങ്ങ് പാട്ട് പുരയിൽ നടക്കും.
ഒപ്പനയെത്തിയതോടെ വളളിയൂർക്കാവിൽ വൻ ജനതിരക്കാണ്. ഇനിയുളള മൂന്ന് നാൾ വളളിയൂർക്കാവും പരിസരവും ജനനിബിഡമായി മാറും. ഉത്സവം പ്രമാണിച്ച് മാനന്തവാടി താലൂക്കിനെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 28ാം തീയതി പുലർച്ചെ കോലംകൊറ എന്ന ചടങ്ങോടെയാണ് ഉത്സവം സമാപിക്കുക.