ra
മാനന്തവാടി പാലാക്കുളിയിൽ നിർമ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

മാനന്തവാടി: കാർഷിക മേഖലയെ സംരക്ഷിക്കാൻ ചെക്ക്ഡാമുകൾ നിർമ്മിക്കേണ്ടത് അനിവാര്യമാണെന്നും ജലസ്രോതസ്സുകളെ നിലനിർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കബനി റിവർ ബേസിൻ പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി പാലാക്കുളിയിൽ നിർമ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാക്കുളി ചെക്ക് ഡാമിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ അനുവദിച്ചു. പാലാക്കുളി, കുഴിനിലം ഭാഗങ്ങളിലെ ജലക്ഷാമം അനുഭവപ്പെടുന്നതിനുള്ള പരിഹാരമായിട്ടാണ് പദ്ധതി. പാലാക്കുളി തോടിന് കുറുകെ 1.50 മീറ്റർ ഉയരത്തിലും 30 മീറ്റർ നീളവുമുള്ള ചെക്ക്ഡാമും കൂടാതെ ഇരുകരകളിലുമായി 3 മീറ്റർ ഉയരത്തിലും 123 മീറ്റർ നീളത്തിലുമുള്ള കോൺക്രീറ്റ് പാർശ്വഭിത്തിയുമാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ളത്.89,45,259 രൂപയാണ് നിർമ്മാണ ചിലവ്. ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ അനിത പി.ഡി റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സൂപ്രണ്ടിംഗ് എൻജിനീയർ മനോജ് എം.കെ, അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനീയർ ടി പി വിനോദൻ , കൗൺസിലർമാരായ എം.നാരായണൻ, ലേഖ രാജീവൻ, ഷൈനി ജോർജ്, പുഷ്പ രാജൻ തുടങ്ങിയവർ സംസാരിച്ചു.