പൂതാടി : വീടണയാൻ ഒരു വഴിയ്ക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല പൂതാടി പഞ്ചായത്തിലെ കൊവള പണിയകോളനി നിവാസികൾ. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്ക് വാഹനമെത്താൻ വഴിയില്ല. കോളനിയിലേക്കുള്ള ഏക റോഡ് വയലിലൂടെ രണ്ട് വരമ്പുകളാണ്. കോളനിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് വീട്ടിലേക്കുള്ള വഴി ടാർചെയ്ത് യാത്ര സൗകര്യമൊരുക്കുക എന്നത്. എന്നാൽ ഇന്നേവരെ റോഡ് നന്നാക്കി കോളനിവാസികളുടെ ദുരിതയാത്രക്ക് അറുതി വരുത്താൻ ബന്ധപ്പെട്ട അധികൃതരോ ട്രൈബൽ വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വേനലിൽപൊടിയാണ് വില്ലനെങ്കിൽ മഴയാകുന്നതോടെ വെള്ളവും ചെളിയുമാണ്. മഴതുടങ്ങുന്നതോടെ കോളനിയിലെ കുട്ടികളുടെ പഠനവും നിലക്കുന്നു. മുപ്പതോളം കുട്ടികളാണ് ഇവിടെ നിന്ന് വിദ്യാലയങ്ങളിലും കോളേജുകളിലും പോകുന്നത്. ഇതിൽ ഡിഗ്രികഴിഞ്ഞവരും ഡിഗ്രിക്ക് പഠിക്കുന്നവരുമുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് കസേരയിലിരുത്തി ചുമന്ന്. കോളനിയിലുള്ള ആർക്കെങ്കിലും രോഗം വന്നാൽ മുക്കാൽ കിലോമീറ്ററോളം വരുന്ന വയൽ വരമ്പിലൂടെ കസേരയിലിരുത്തിയാണ് കൊണ്ടുപോകുന്നത്. ലൈഫ് ഭവന പദ്ധതിയിൽ കോളനിവാസികൾക്ക് വീട് അനുവദിച്ചെങ്കിലും വീടുപണിയ്ക്ക് ആവശ്യമായ സാധാനങ്ങൾ എത്താൻ മാർഗമില്ലാതെ വലയുകയാണ് നിവാസികൾ. മാസങ്ങളുടെ അലച്ചിലാണ് കോളനിയിൽ പലർക്കും വീട് അനുവദിക്കുന്നത്. അത് പണിയാതിരുന്നാൽ ഉള്ളതും നഷ്ടപ്പെടും. അതിനാൽ കോളനിവാസികൾ സാധനങ്ങൾ തലയിൽ ചുമന്നാണ് കൊണ്ടുപോകുന്നത്. നാല് പതിറ്റാണ്ട് മുമ്പാണ് കൊവള പണിയകോളനി പുഴയുടെ പുറമ്പോക്കിലായി സ്ഥാപിതമായത്. വയലിന്റെ അതിർത്തിയിലുള്ളവർ കന്നുകാലികളെ പുഴയിലേക്കും മറ്റും കൊണ്ടുപോകുന്നതിനായി വിട്ടുനൽകിയ വരമ്പുകളാണ് പന്നീട് വഴിയായി ഉപയോഗിക്കുന്നത്.
മഴപെയ്താൽ കോളനി വെള്ളത്തിൽ
കോളനിയിലേക്ക് റോഡില്ലെന്ന് മാത്രമല്ല മഴപെയ്താൽ ഇവർക്ക് ദുരിതകടലിലാണ്. കോളനി പൂർണമായും വെള്ളത്തിലാകും വയൽ പ്രദേശമായതിനാൽ കോളനിയും പരിസരപ്രദേശവും വെള്ളകെട്ട് രൂപപ്പെടുന്നതോടെ പൂർണമായും ഒറ്റപ്പെടും .കഴിഞ്ഞ മൂന്ന് വർഷവും വെള്ളംകയറി ഒറ്റപ്പെട്ടുപോയ ഇവരെ തോണിയിലാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയത് . ഒരു വർഷംപോലും വെള്ളം കയറാതിരുന്നിട്ടില്ല. എല്ലാവർഷവും കോളനിവാസികൾ മഴക്കാലമാകുന്നതോടെ പുനരധിവാസ കേന്ദ്രത്തിലാണ് താമസം.