 
മാനന്തവാടി: മാനന്തവാടി ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ഇ.ഡി.റെജിയുടെ കിളികളുടെ ചിത്ര പ്രദർശനം- കളർ ഓഫ് വിങ്ങ്സ് ആരംഭിച്ചു. പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്നതും ദേശാടനം നടത്തുന്നതും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നതുമായ 220 ഓളം കിളികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഉപയോഗശൂന്യമായ പെയിന്റ് ടിന്നുകളുടെ മൂടിയിലാണ് ഇനാമൽ പെയിന്റ് ഉപയോഗിച്ച് ഒരേ ക്രമത്തിൽ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ചെന്നാലയൻ പാറ്റ പിടിയൻ, ചുറ്റിന്തൽ, വിവിധ തരം കൊക്കുകൾ, ദേശാടനം നടത്തുന്ന പക്ഷികളിൽ പ്രധാനപ്പെട്ട കന്യാസ്ത്രീ കൊക്ക്, വലിയ നീല കൊക്ക്, ചെറുമണൽ കൊക്ക് തുടങ്ങിയവ പ്രദർശനത്തിലുണ്ട്.
ബത്തേരി മലങ്കര സ്വദേശിയായ റെജിയുടെ ആദ്യ സോളോ പ്രദർശനമാണിത്. നാടക പ്രവർത്തകൻ കൂടിയായ റെജിക്ക് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.