മാനന്തവാടി: രണ്ട് വർഷക്കാലത്തെ കൊവിഡ് മഹാമാരിയിൽ നിന്നുളള ഇളവിനെ തുടർന്ന് വയനാടിന്റെ ദേശീയോത്സവമായ വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് കബനിനദിക്കരയിലേക്ക് ജനങ്ങളുടെ ഒഴുക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനത്തി​രക്ക് വർദ്ധിച്ചു. ദേശീയ പണിമുടക്കിൽ നിന്ന് മാനന്തവാടി താലൂക്കിനെ ഒഴിവാക്കിയതിനെതുടർന്ന് ജനങ്ങൾ കാവിലേക്ക് പ്രവഹിക്കുകയായിരുന്നു. ഇന്നലെ മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇളനീർക്കാവുകളും വഹിച്ചുളള അടിയറ എഴുന്നളളത്തുകൾ നടന്നു. ചിറക്കര, ജെസ്സി, തലപ്പുഴ, തേറ്റമല, കൂളിവയൽ, ഒണ്ടയങ്ങാടി, ചാത്തൻ ചെറുകാട്ടൂർ കോളനി, കൂടൽ ചെമ്മാട്, കമ്മന, വരടിമൂല കുട്ടി ചാത്തൻകാവ്, കൊയിലേരി ഭഗവതി കാവ് എന്നിവിടങ്ങളിൽ നിന്നാണ് അടിയറ എഴുന്നളളത്തുകൾ എത്തി​യത്. ഇളനീർക്കാവുകളും വഹിച്ച് നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെ അകമ്പടിയോടെ പുറപ്പെട്ട അടിയറ എഴുന്നളളത്തിന് കരകാട്ടം, കാവടിയാട്ടം,താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവ കൊഴുപ്പേകി.

പലയിടങ്ങളിലും വേനൽമഴ ഉണ്ടായെങ്കിലും അതൊന്നും ആഘോഷത്തെ ബാധി​ച്ചി​ല്ല. അ‌ടിയറകളും രാത്രി പത്ത് മണിയോടെ വളളിയൂർക്കാവിൽ എത്തി. തുടർന്ന് അർദ്ധ രാത്രി ആറാട്ടുതറയിലേക്ക് ആറാട്ട് എഴുന്നളളത്ത് നടന്നു. താഴെക്കാവിൽ ഒപ്പന ദർശനത്തിന് ശേഷം അടിയറകൾ മടങ്ങി. ഇന്ന് പുലർച്ച കോലം കൊറയോടെ (ദാരികവധം) ആറാട്ട് മഹോത്സവം സമാപിക്കും.

ഉത്സവം കഴിഞ്ഞ് ഏഴാംനാൾ ആയിരിക്കും ഇനി കൊടിയിറക്കുക. തിരക്ക് പരിഗണിച്ച് മാനന്തവാടിയിൽനിന്ന് വൺവേ സംവിധാനം ഏർപ്പെടുത്തി. ക്രമസമാധാന പാലനത്തിന് അഞ്ഞൂറിൽപരം പൊലീസുകാരെയാണ് നിയോഗിച്ചത്. കെ.എസ്.ആർ.ടി.സി, പ്രിയദർശിനി ബസുകൾ പ്രത്യേക സർവിസ് നടത്തി.