മാനന്തവാടി: വയനാടിന്റെ ദേശീയോത്സവമായ വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് ഇന്നലെ പുലർച്ചെ സമാപനം കുറിച്ചു. ദേവിയുടെ തിരുവായുധമായ വാൾ പളളിയറ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെളളിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു ഇൗ ചടങ്ങ്. ഉത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കഴിഞ്ഞ 14 നാണ് പളളിയറക്കൽ ക്ഷേത്രത്തിൽ നിന്ന് വാൾ ആഘോഷ പൂർവം വളളിയൂർക്കാവിലേക്ക് കൊണ്ടുവന്നത്.
ഇന്നലെ പുലർച്ചെ താഴെ കാവിൽ നടന്ന കോലം കൊറയോടെയാണ് ഉത്സവം സമാപിച്ചത്.
തിങ്കളാഴ്ച രാത്രിയോടെ അടിയറകളും ഇളനീർക്കാവുകളും ക്ഷേത്രാങ്കണത്തിൽ സംഗമിച്ചതോടെയാണ് ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ടു മഹോത്സവത്തിന്റെ സമാപന ചടങ്ങുകൾ ആരംഭിച്ചത്. ഇളനീർക്കാവുകൾ കബനിയിലെ അമ്മായത്തിൽ മുങ്ങി ഇളനീർ നിവേദ്യം ദേവിക്ക് സമർപ്പിച്ചതിനു ശേഷം മേലേക്കാവിൽ നിന്ന് ആറാട്ടുതറയിലേക്ക് ആറാട്ടെഴുന്നള്ളത്ത് നടത്തി. ഉത്സവത്തിന്റെ പതിനാലാം ദിനമായിരുന്ന തിങ്കളാഴ്ച ചിറക്കര,ജെസ്സി,തലപ്പുഴ,തേറ്റമല,കൂളിവയൽ,ഒണ്ടയങ്ങാടി,ചാത്തൻ ചെറുകാട്ടൂർ കോളനി,കൂടൽ, ചെമ്മാട്,കമ്മന,വരടിമൂല,കൊയിലേരി എന്നിവിടങ്ങിൽ നിന്ന് വള്ളിയൂർക്കാവിലേക്ക് അടിയറകൾ എത്തി.
തുടർന്ന് താഴെക്കാവിന് സമീപത്ത് പുഴയരികിലെ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ആകാശവിസ്മയവും നടന്നു. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിപ്പോയ വള്ളിയൂർക്കാവിലെ ആറാട്ടു മഹോത്സവം ഈവർഷം നടത്തിയപ്പോൾ പങ്കെടുക്കാൻ പതിനാല് ദിനരാത്രങ്ങളിലായി ലക്ഷങ്ങളാണ് എത്തിയത്. രാവിലെയും രാത്രിയും അന്നപൂർണേശ്വരി ഹാളിൽ നൽകിയ അന്നദാനത്തിലും ഒട്ടേറെ പേർ പങ്കെടുത്തു.
ആറാട്ടുത്സവത്തിന്റെ ഭാഗമായി മേലേക്കാവിലും താഴേക്കാവിലും എക്സിബിഷൻ ട്രേഡ് ഫെയറിലും വിവിധ കലാപരിപാടികളും സ്റ്റാളുകളും ഒരുക്കിയിരുന്നു. വിവിധ ദിവസങ്ങളിലായി കഥകളി,ചാക്യാർകൂത്ത്,തായമ്പക, ഓട്ടൻതുള്ളൽ, പ്രഭാഷണങ്ങൾ,വിവിധ മത്സരങ്ങൾ തുടങ്ങിയവയും ഉണ്ടായിരുന്നു.