മാനന്തവാടി: കാറിൽ കൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിയും ഇപ്പോൾ പൊഴുതനയിൽ താമസിക്കുന്നയാളുമായ മസ്താൻ എന്ന പി.മിർഷാദ് (26), മീനങ്ങാടി കൃഷ്ണഗിരി മൈലമ്പാടി പള്ളിക്കുളങ്ങര ചിക്കു എന്ന പി.എ.അഭിജിത്ത് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 0.32 ഗ്രാം എം.ഡി.എം.എ യും ഇവ വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി ഡോ: അർവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ആന്റി നാർകോട്ടിക് പൊലീസ് അംഗങ്ങളും, തൊണ്ടർനാട് എസ്.ഐ പി.ജി രാംജിത്തും മട്ടിലയത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കെ.എൽ 57 കെ 1030 മാരുതി ആൾട്ടോയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.