പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരണം യാതൊരു മുന്നൊരുക്കങ്ങളും നടത്താതെയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി വിവിധ സ്റ്റാന്റിംഗ് കമ്മറ്റികൾ ചേരേണ്ടതുണ്ട്. എന്നാൽ ഒരു സ്റ്റാന്റിംഗ് കമ്മറ്റിയും ബഡ്ജറ്റിന് വേണ്ടി കൂടിയിട്ടില്ലെന്നും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലും പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ വന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
മാർച്ച് രണ്ടാം വാരത്തിനുള്ളിൽ അവതരിപ്പിക്കേണ്ട ബഡ്ജറ്റ് മാർച്ച് അവസാന ദിവസത്തിലേക്ക് മാറ്റി അലംഭാവം കാണിക്കുകയാണ് ചെയ്തത്. ഗൗരവമായി കാണേണ്ട ബഡ്ജറ്റ് അവതരണം ഏകപക്ഷീയവും അലംഭാവപൂർവ്വവുമായിരുന്നുവെന്നും ആരോപിച്ചാണ് മെമ്പർമാരായ ഇ.കെ.ബാലകൃഷ്ണൻ, സജേഷ് സെബാസ്റ്റ്യൻ, കലേഷ് സത്യാലയം, നിഖില.പി.ആന്റണി എന്നിവർ ബഡ്ജറ്റ് അവതരണ യോഗം ബഹിഷ്‌ക്കരിച്ച് ഓഫീസ് കവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.