മാനന്തവാടി: കാടകങ്ങളിലേക്ക് ഏകയായി സഞ്ചരിച്ച സാജിത വയനാടിന്റെ ഫോട്ടോ പ്രദർശനം ഏപ്രിൽ 2 മുതൽ 6 വരെ മാനന്തവാടി ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും. യാത്രയെ ഏറെ പ്രണയിക്കുന്ന സാജിത ഒറ്റയ്ക്കുള്ള യാത്രകളിൽ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രകൃതിയോടും കാടിനോടും ഏറെ ആദരവോടെ പകർത്തിയ ചിത്രങ്ങളിൽ കാടിന്റെ മർമ്മരങ്ങളും മന്ദസ്മിതങ്ങളും ആണെന്ന് സാജിത പറയുന്നു. സഞ്ചാരിയും ചിത്രകാരിയും ആയ സാജിതയുടെ പ്രഥമ ഫോട്ടോ പ്രദർശനം ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈത്തിരി സ്വദേശിയായ സാജിത ബാഗ്ലൂരിൽ ആർട്ട് ഗാലറിയിൽ ചിത്ര രചന നടത്തുകയാണിപ്പോൾ. പ്രകൃതിയുടെ ലാവണ്യം അതിന്റെ മിഴിവോടെ പകർത്തിയ ചിത്രങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവയാണ് വനജാലകത്തിൽ അവതരിപ്പിക്കുന്നത്.