മാനന്തവാടി: നിലവിലുള്ള വീടുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപയും നഗരസഭ പരിധിയിലെ മുഴുവൻ വൈദ്യുതി തൂണുകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള ബ്രൈറ്റ് പദ്ധതിക്കും മുൻഗണന നൽകുന്ന മാനന്തവാടി നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ പി.വി.എസ്.മൂസ്സ അവതരിപ്പിച്ചു.

നഗരസഭ ഓഫീസ് സമുച്ചയ നിർമ്മാണത്തിന് അഞ്ച് കോടിയും പൊതു ശൗചാലയങ്ങൾ നിർമ്മിക്കാൻ രണ്ട് കോടിയും നീക്കിവെച്ചു. ആധുനിക പാർക്കിംഗ് പ്ലാസയ്ക്ക് 50 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. 95,44,10,900 രൂപ വരവും 94,75,99,330 രൂപ ചിലവും 68,11,570 രൂപ മിച്ചവും കണക്കാക്കുന്നതാണ് ബഡ്ജറ്റ്.

പയ്യമ്പള്ളി മേഖല ഓഫീസ് നിർമ്മാണത്തിന് അൻപത് ലക്ഷം, പുതിയ ബസ്സ് സ്റ്റാന്റിന് അഞ്ച് കോടി, പഴശ്ശിരാജ കളരി പരിശീലന കേന്ദ്രത്തിന് ഇരുപത് ലക്ഷം, സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് പത്ത് കോടി, ഗാസി, അംബേദ്ക്കർ സ്ക്വയർ നിർമ്മാണങ്ങൾക്ക് അമ്പത്, ഇരുപത് ലക്ഷം രൂപ, റോഡ് സംരക്ഷണ സമിതി പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം, പഴശ്ശിരാജ സ്‌ക്വയർ നിർമാണത്തിന് 25 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.

മാലിന്യപ്ലാന്റ് സ്ഥലമെടുപ്പിന് ഒന്നര കോടി വകയിരുത്തി. കാർഷിക വിപണിക്ക് അഞ്ച് ലക്ഷം, പച്ചക്കറി, കിഴങ്ങ് വിള, പഴവർഗ കൃഷി പ്രോത്സാഹനത്തിന് മുപ്പത് ലക്ഷം, കാർഷിക യന്ത്രം വാങ്ങാൻ 25 ലക്ഷം, ജലസേചന പദ്ധതികൾക്ക് ഒരു കോടി, വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഒരു കോടിയും നീക്കിവച്ചു.

സ്‌കൂളുകളുടെ വികസനത്തിന് 50 ലക്ഷവും വനിത വികസന പദ്ധതികൾക്ക് ഒരു കോടിയും ആരോഗ്യ മേഖലയിൽ 5.86 കോടിയും നീക്കിവച്ചു.

പുഴയോര പാർക്കുകൾ നിർമ്മിക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും സ്ഥാപിക്കും.

യോഗത്തിൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.