പൂച്ചാക്കൽ: പള്ളിപ്പുറത്ത് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ സഹകരണ സംഘത്തിൽ നിന്നും കഴിഞ്ഞ 15 വർഷമായി വിളയുന്നത് കശുവണ്ടിയാണ് ! നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ വളപ്പിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് പറങ്കിമാവുകളാണ്.
1982ൽ തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ പള്ളിപ്പുറത്ത് 108 അംഗങ്ങൾ ചേർന്ന് 25 സെന്റ് സ്ഥലം വാങ്ങി ഖാദി ആൻഡ് വില്ലേജ് ഇൻസ്ട്രീസ് ബോർഡിൽ അഫിലിയേറ്റു ചെയ്യുകയായിരുന്നു. വായ്പയെടുത്ത് കെട്ടിടം നിർമ്മിച്ച് തറിയും മസ്ലിൻ ചർക്ക ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാങ്ങി പ്രവർത്തനം തുടങ്ങി. ബോർഡിൽ നിന്നും പഞ്ഞി വാങ്ങി നൂലുണ്ടാക്കി വസ്ത്രം നെയ്തെടുക്കുന്ന സങ്കീർണമായ പ്രക്രിയയാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്. നിരവധി പേർക്ക് തൊഴിൽ നൽകി പ്രവർത്തിച്ചു വന്ന സംഘത്തിന്റെ പ്രവർത്തനം വിപുലമാക്കുന്നതിന് പാണാവള്ളി ഓടമ്പള്ളിയിൽ പത്ത് സെന്റ് സ്ഥലം വാങ്ങിയിരുന്നു.
എന്നാൽ കാലാനുസൃതമായ മാറ്റം വരുത്തുവാനും പുരോഗമന ആശയങ്ങൾ നടപ്പിലാക്കാനും ഖാദി ബോർഡ് പദ്ധതികൾ നടപ്പാക്കാനും ശ്രമിക്കാതിരുന്നത് മൂലം തുടർച്ചയായ നഷ്ടം മൂലം പതിനഞ്ചു വർഷത്തിന് മുമ്പ് സംഘത്തിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ചേർത്തല താലൂക്കിൽ സമാനമായ രീതിയിൽ പ്രവർത്തിച്ചു പോന്ന തുറവൂരിലേയും ചേർത്തല സൗത്തിലേയും സംഘങ്ങളും അടച്ചുപൂട്ടി.
പള്ളിപ്പുറം സംഘത്തിന് ഖാദി ബോർഡിൽ നിന്നെടുത്ത പത്ത് ലക്ഷം രൂപയുടെ വായ്പാ കുടിശിഖയാണ് ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം എഴുപത് ലക്ഷം രൂപയുടെ ഭൂമി സംഘത്തിനുണ്ട്. ഖാദി ബോർഡ് സംഘം ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണമെന്നാണ് സംഘത്തിലെ നിലവിലുള്ള സഹകാരികളുടെ ആവശ്യം.
പരമ്പരാഗതമായ രീതിയിൽ പൂർണമായും മനുഷ്യ അദ്ധ്വാനം കൊണ്ട് മാത്രമാണ് ഖാദി സംഘത്തിൽ ഉത്പാദനം നടത്തിയിരുന്നത്. എന്നാൽ ഇത് ഉത്പാദന ചെലവ് കൂട്ടുകയും ഉത്പന്നങ്ങൾക്ക് മറ്റ് കമ്പനികളുമായി വിലയിൽ മത്സരിക്കാൻ കഴിയാതാവുകയും ചെയ്തു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട പ്രതിഫലം കൊടുക്കാൻ സാധിക്കാതെ വന്നതോട മസ്ലിൻ ചർക്കയിൽ നൂലുണ്ടാക്കാനും തറി പ്രവർത്തിപ്പിക്കാനും ആളെ കിട്ടാതെയായി.
പവർ ലൂമിലെ നൂലു കൊണ്ട് വസ്ത്രം നെയ്യുന്ന ഹാൻടെക്സ് സംഘങ്ങൾ പോലും ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്.
പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കാൻ പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുകയും വ്യത്യസ്തതയുള്ള ഉത്പന്നങ്ങൾ ഉത്പാദവേണമെന്നാണ് ഈ രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ളവർ പറയുന്നത്.
തമിഴ് നാട്ടിൽ നിന്നുള്ള ഖാദി ഉത്പന്നങ്ങൾ വൻ വിലക്കുറവിലാണ് കേരളത്തിൽ വിൽക്കുന്നത്. അവിടെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും വിപണന തന്ത്രവുമാണ് ഇതിന് കാരണം.
....................................................
പള്ളിപ്പുറത്തെ ഖാദി സംഘത്തിന്റെ പ്രവർത്തനം നിലച്ചതോടെ ഒരു പരമ്പരാഗത തൊഴിൽ മേഖലയും കൂടി അസ്തമിക്കുകയാണ്. ഹെെടെക് വ്യവസായങ്ങൾക്കൊപ്പം നാട്ടിൻപുറങ്ങളിെലെ ജനങ്ങൾക്ക് ഉപജീവനം നൽകുന്ന സ്ഥാപനങ്ങളും നിലനിർത്താൻ സർക്കാർ ഇടപെടണം.
എൻ.ആർ.സാജു , നടുവിലേക്കുറ്റ് .
.............................................
പ്രതാപത്തോടെ നിന്നിരുന്ന സ്ഥാപനമാണ് ഇപ്പോൾ കെട്ടിടത്തിനകത്ത് പറങ്കിമാവ് നിറഞ്ഞു നിൽക്കുന്നത്. ഈ സഹകരണ സംരക്ഷിച്ചു നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം.
വിജയകുമാർ പാമ്പുന്തറ, പള്ളിപ്പുറം .