
ആലപ്പുഴ: ഒരേസമയം അഞ്ച് ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താൻ സൗകര്യമുള്ള ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്കിൽ പ്രവർത്തനങ്ങൾ മന്ദഗതിയിൽ നീങ്ങുന്നതു മൂലം ബോട്ടുകളുടെ തകരാർ യഥാസമയം പരിഹരിക്കാനാവുന്നില്ലെന്ന് പരാതിയുയരുന്നു. എട്ട് വർഷംമുമ്പ് നവീകരിച്ച ഡോക്കിൽ അറ്റകുറ്റപ്പണിക്കായി ഇപ്പോൾ 20 ബോട്ടുകളാണ് കാത്തു കിടക്കുന്നത്.
കൊവിഡിനെ തുടർന്ന് ഇവിടെ ജോലി മന്ദഗതിയിലായതോടെ പലബോട്ടുകളും നാശത്തിന്റെ വക്കിലാണ്. ഫൈബർ, സ്റ്റീൽ, തടി എന്നിവയിൽ നിർമ്മിച്ച ബോട്ടുകളാണ് അറ്റകുറ്റപ്പണികൾക്കായി ഡോക്കിലുള്ളത്. പത്ത് ഫൈബർ ബോട്ടുകൾ സർവീസ് നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ ബോട്ടുകൾ ലേലം ചെയ്യാനുള്ള ആലോചനയിലാണ് അധികൃതർ.
ശേഷിച്ച ബോട്ടുകളിൽ കൂടുതൽ അറ്റകുറ്റപ്പണി ആവശ്യമുള്ള നാലെണ്ണത്തിന്റെ ജോലികൾ ഇപ്പോൾ നടക്കുന്നുണ്ട്. ചെറിയ തകരാറുകൾ പരിഹരിക്കുന്നതിൽപ്പോലും ജീവനക്കാർ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തകരാർ പരിഹരിക്കാൻ കൊണ്ടുവന്ന ബോട്ടുകൾ പലതും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. കൊല്ലം - ആലപ്പുഴ സർവീസ് നടത്തിയ ബോട്ട് ഉപയോഗിക്കാതെ കിടന്നു നശിച്ചു. തൃക്കുന്നപ്പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ പേരിലാണ് ഈ സർവീസ് ആരംഭിക്കാത്തത്.
മെക്കാനിക്കൽ എൻജിനിയർ ഇല്ല
മെക്കാനിക്കൽ വിഭാഗത്തിൽ മതിയായ ജീവനക്കാർ ഉണ്ടെങ്കിലും ഡോക്കിൽ മേൽനോട്ടം വഹിക്കാൻ സ്ഥരമായി മെക്കാനിക്കൽ എൻജിനീയർ ഇല്ലാത്തതാണ് ബോട്ടുകളുടെ തകരാർ പരിഹരിക്കുന്നതിന്റെ വേഗത കുറയാൻ കാരണം. പലപ്പോഴും ഫോർമാനാണ് മേൽനോട്ടച്ചുമതല വഹിക്കുന്നത്. മെക്കാനിക്കൽ ജോലിക്കൊപ്പം പെയിന്റിംഗും കൃത്യമായി പൂർത്തിയാക്കിയാൽ മാത്രമേ തകരാർ പരിഹരിച്ച് ബോട്ടുകൾ സർവീസ് നടത്താൻ കഴിയുകയുള്ളൂ. നിലവിൽ ഒരു തടി ബോട്ട് പുതുതായി നീറ്റിലിറക്കണമെങ്കിൽ 75ലക്ഷംരൂപ ചിലവഴിക്കണം. സ്റ്റീൽ ബോട്ടിനാണെങ്കിൽ ഒരുകോടിയോളമാകും. അപ്പോഴാണ്, 10,000രൂപയിൽ താഴെ ചിലവഴിച്ച് തകരാർ പരിഹരിക്കാവുന്ന ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നത്.
രജിസ്ട്രേഷനും കണ്ടം ചെയ്യലും
20 വർഷം പഴക്കമുള്ള ബോട്ടുകൾ സർവീസ് നടത്തുന്നത് ജലസുരക്ഷാ നിയമത്തിന് എതിരാണെന്ന കാരണത്താൽ ഇവ ലേലം ചെയ്തു കൊടുക്കാനാണ് സർക്കാർ നിർദ്ദേശം. ഇത്തരത്തിൽ നാല് ബോട്ടുകൾ കഴിഞ്ഞ വർഷം ലേലം ചെയ്തിരുന്നു.പുതുതായി നിർമ്മിക്കുന്ന ബോട്ടിന് തുറമുഖ വകുപ്പ് അഞ്ചുവർഷത്തേക്കാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. പിന്നീട് ഓരോ വർഷവും ഇത് തുറമുഖ വകുപ്പിന്റെ നിയമം അനുസരിച്ച് സുരഷാ പരിശോധനക്ക് ശേഷം പുതുക്കണം. ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള അനുബന്ധരേഖകളും പരിശോധന സമയത്ത് ഹാജരാക്കണം.
"തകരാറിലായ ബോട്ടുകളുടെ പ്രധാന ജോലികൾ പുനരാരംഭിച്ചു. സർവീസുകളെ ബോട്ടുകളുടെ തകരാർ ബാധിച്ചിട്ടില്ല.
-ഷാജി വി.നായർ,ഡയറക്ടർ, ജലഗതാഗത വകുപ്പ്