s

കുട്ടനാട് : വേനൽമഴ തിമിർത്തു പെയ്യുന്നതിനൊപ്പം വൈദ്യുതി മുടക്കത്തെ തുടർന്ന് മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാകാത്തതും കുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഭീഷണിയാകുന്നു. മിക്ക പാടശേഖരങ്ങളിലും വിളവെടുക്കാറായ നെല്ല് വെള്ളത്തിൽ മുങ്ങി. ദിവസേന ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയാണ് കൃഷിക്ക് ഭീഷണിയാകുന്നത്. മഴയിൽ പാടത്ത് നിറയുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് കളഞ്ഞാലേ യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാനാകൂ. വെള്ളം കെട്ടി നിൽക്കുന്ന പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കിയാൽ താഴ്ന്നുപോകും.

ദിവസങ്ങളായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതായി കർഷകർ പറയുന്നു. വൈദ്യുതി ഇല്ലാതായതോടെ പമ്പിംഗും മുടങ്ങി. വെള്ളത്തിൽ ദിവസങ്ങളോളം നെല്ല് കിടക്കുന്നത് സംഭരണത്തെയും ബാധിക്കും. കടുത്ത വേനലിന്റ സമയത്തു പോലും ഈർപ്പത്തിന്റെ പേര് പറഞ്ഞ് കായൽ മേഖലയിലെ നെല്ല് സംഭരണത്തിൽ മില്ലുകാർ ഇടങ്കോലിട്ടിരുന്നു. നെല്ല് ദിവസങ്ങളോളം പാടത്ത് കെട്ടിക്കിടക്കുന്നതിനും സംഭരണം നീണ്ടുപോകുന്നതിനും ഇതു കാരണമായിരുന്നു . ഇതിൽ നിന്നൊന്ന് കരകയറിയതിന് തൊട്ടുപിന്നാലെയാണ് വേനൽമഴയും വൈദ്യുതി മുടക്കവും കടമ്പയായത്.

വൈദ്യുതി മുടക്കത്തിന് പിന്നിൽ

കുട്ടനാട്ടിലെ 66 കെ വി സ്റ്റേഷൻ 110 കെ.വി സബ് സ്റ്റേഷനായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വൈദ്യുതി മുടക്കമെന്നാണ് അധികൃതർ പറയുന്നത് . മുമ്പ് ഇത്തരം ഘട്ടങ്ങളിൽ ചങ്ങനാശ്ശേരിയിൽ നിന്നോ പള്ളത്തു നിന്നോ ഉള്ള ലൈൻ വഴി വൈദ്യുതി ലഭ്യമാക്കിയാണ് പ്രതിസന്ധി മറികടന്നിരുന്നത്. എന്നാൽ ഇക്കുറി ഇതിനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.

വരുംദിവസങ്ങളിൽ വേനൽമഴ കൂടുതൽ കടുക്കുന്നതോടെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലാകും.വൈദ്യുതി മുടക്കം കാരണം മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തത് വലിയ ഭീഷണിയാണ്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം
-സി.വി.രാജീവ്, കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്