s

വ്യവസായത്തിന് ഗുണകരമെന്ന് തൊഴിലാളി യൂണിയനുകൾ

ആലപ്പുഴ: ജില്ലയിൽ കള്ള് ഷാപ്പുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി ഉത്തരവിറങ്ങി. ഇന്നലെ മുതലാണ് ഷാപ്പുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയാക്കിയത്. വിവിധ തൊഴിലാളി യൂണിയനുകളും, ലൈസൻസികളും സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ യോഗം ചേർന്ന ശേഷമാണ് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമയം പരിഷ്ക്കരിച്ചുള്ള ഉത്തരവിറക്കിയത്. ആലപ്പുഴ എക്സൈസ് ഡിവിഷനിലെ ഷാപ്പുകൾക്കാണ് സമയമാറ്റം ബാധകം. മുമ്പ് രാവിലെ 9 മുതൽ രാത്രി 9 വരെയായിരുന്നു പ്രവർത്തനസമയം.

സമയമാറ്റം കള്ള് വ്യവസായത്തിന് ഗുണം ചെയ്യുമെന്നാണ് തൊഴിലാളി യൂണിയനുകളടക്കം വിലയിരുത്തുന്നത്. രാവിലെ വിവിധ ജോലികൾക്ക് പോകുന്നതിന് മുമ്പ്ഹാജർ വെയ്ക്കുന്ന പരമ്പരാഗത തൊഴിലാളികളാണ് ഷാപ്പുകളിലെ പ്രധാന ഉപഭോക്താക്കൾ. ഇവർ പലപ്പോഴും 9 മണിക്ക് മുമ്പേ ഷാപ്പിലെത്തും. സ്ഥാപനം തുറക്കുന്നതിന് മുമ്പ് കള്ള് സൂക്ഷിക്കുന്ന പാത്രങ്ങളും മുറികളുമടക്കം വൃത്തിയാക്കേണ്ടതുണ്ട്. ഇതിന് വേണ്ടി 9ന് മുമ്പ് വാതിൽ തുറന്നുപോയതിന്റെ പേരിൽ കേസാവുകയും പിഴയടക്കുകയും ചെയ്യേണ്ടി വരുന്നത് സ്ഥിരം സംഭവമായിരുന്നു. രാവിലെ 8ന് തുറക്കാൻ അനുമതി ലഭിക്കുന്നതോടെ, ഷാപ്പ് വൃത്തിയാക്കാൻ ആവശ്യത്തിന് സമയം ലഭിക്കും.

മദ്യനയം കള്ളിന് വെല്ലുവിളി

പുതിയ മദ്യഷോപ്പുകൾ സ്ഥാപിക്കാനടക്കമുള്ള സർക്കാർ നീക്കം പരമ്പാഗത കള്ള് വ്യവസായത്തിന് തിരിച്ചടിയാകുമെന്ന ആക്ഷേപം ശക്തമാണ്. എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഭരണകക്ഷി സംഘടനകൾ തന്നെ ആരോപിക്കുന്നു. മയക്കുമരുന്നിന്റെയും, വിദേശമദ്യത്തിന്റെയും ലഭ്യത കള്ള് കച്ചവടത്തെ പിന്നോട്ടടിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വിദേശമദ്യ ഒഴുക്കിന് അവസരമൊരുങ്ങുന്നത് കള്ളിനെ സാരമായി ബാധിക്കും. നാടൻ കള്ള് ലഭിക്കാനുള്ള പ്രയാസം മൂലം ജില്ലയിലെ ഭൂരിഭാഗം ഷാപ്പുകളും പാലക്കാടൻ കള്ള് വരുത്തിയാണ് കച്ചവടം നടത്തുന്നത്.

ജില്ലയിൽ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ: 2963

പ്രവർത്തനസമയത്തിലെ മാറ്റം കച്ചവടത്തിന് ഗുണകരമാകും. അതേസമയം പുതിയ മദ്യനയം എൽ.ഡി.എഫ് നയത്തിനെതിരാണ്. ഇത് പ്രതികൂലമായി ബാധിക്കുന്നത് കള്ള് വ്യവസായത്തെയാണ്

- ഡി.പി.മധു, കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെ‌ഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്