ആലപ്പുഴ: ബീച്ചിൽ കടൽപ്പാലത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മുങ്ങിയ മൂന്ന് പേരെ ലൈഫ് ഗാ‌ർഡുകളും ടൂറിസം പൊലീസും ചേർന്ന് രക്ഷിച്ചു. ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം. വിനോദസഞ്ചാരത്തിനെത്തിയ ഊട്ടി സ്വദേശികളായ പന്ത്രണ്ടംഗ സംഘം കായൽ ബോട്ടിങ്ങിന് ശേഷമാണ് കടൽ കാണാനെത്തിയത്. കൂട്ടത്തിലെ നാല് പേരാണ് കടലിൽ ഇറങ്ങിയത്. അപ്രതീക്ഷിതമായെത്തിയ വലിയ തിരയിൽപ്പെട്ട് മൂന്ന് പേർ മുങ്ങിപ്പോവുകയായിരുന്നു. ലൈഫ്ഗാർഡുകളായ വിൻസന്റ്, സന്തോഷ്, ഡെന്നീസ്, സാംസൺ എന്നിവരാണ് കടലിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്. ടൂറിസം എസ്.ഐ പി.ജയറാം, സി.പി.ഒ മാത്യു എന്നിവർ ചേർന്ന് പ്രാഥമിക ശുശ്രുഷ നൽകി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ സഞ്ചാരികൾ നാട്ടിലേക്ക് മടങ്ങി.