ആലപ്പുഴ: കാർഷിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സൃഷ്ടിച്ച കഞ്ഞിക്കുഴി പഞ്ചായത്തിൽ മുല്ലപ്പൂ സംഭരണ കേന്ദ്രം സജ്ജമായി. ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് എസ്.എൻ കോളേജിനു സമീപത്തെ പച്ചക്കറി സംഭരണ -വിപണന കേന്ദ്രത്തിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മുല്ലപ്പൂക്കൾ സംഭരിക്കാനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്രം ആരംഭിക്കുന്നത്. ഓരോ വാർഡിൽ നിന്നും മുല്ലപ്പൂ ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ എത്തിക്കും. പിന്നീട് ആവശ്യാനുസരണം വിപണനം ചെയ്യും.

18 വാർഡുകളിലായി 288 ഗ്രൂപ്പുകളാണ് മുല്ലകൃഷി നടത്തുന്നത്. 1300 ചെടികൾ വീതം ഓരോ ഗ്രൂപ്പും കൃഷി ചെയ്തു. ആകെ 1670 തൊഴിൽ ദിനങ്ങൾ വിനിയോഗിച്ചു. കഞ്ഞിക്കുഴി 1145ാം നമ്പർ സഹകരണ സംഘമാണ് പൂക്കൾ സംഭരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മുല്ലപ്പൂ സംഭരണ കേന്ദ്രം ആരംഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാറും അറിയിച്ചു. പൂ വിപണിയെക്കുറിച്ചും ചെടികളുടെ പരിചരണം സംബന്ധിച്ചും പഞ്ചായത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും.