
കായംകുളം: വിദ്യാർത്ഥികൾക്കുള്ള പാഠ്യവിഷയങ്ങളിൽ ശ്രീനാരായണ ഗുരുദേവ കൃതികളെ ഒഴിവാക്കുവാൻ മനപൂർവ്വമായി ഗൂഡനീക്കമുണ്ടന്നും ശിവഗിരി മഠം ഇതിനെതിരെ പ്രതികരിയ്ക്കുമെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.കായംകുളം പുതുപ്പള്ളി ഗുരുകുലം ശാഖയിൽ നടന്ന ശ്രീനാരായണ ദിവ്യ പ്രബോധനത്തിലും ധ്യാനത്തിലും പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ പ്രതികരിയ്ക്കാൻ അടുത്ത ദിവസങ്ങളിൽ തന്നെ മഠം മുൻകൈ എടുത്ത് ചർച്ച സംഘടിപ്പിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധ്യാനാചാര്യൻ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ ശാഖാ ഭാരവാഹികൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ശ്രീനാരായണ ദിവ്യപ്രബോധന വിളംബരഘോഷയാത്രയ്ക്ക് മുന്നോടിയായി യൂണിയൻ സെക്രട്ടറി പി. പിദീപ് ലാൽ ദിവ്യജ്യോതി ഏറ്റുവാങ്ങി.യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പി. പിദീപ് ലാൽ,വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ശാഖാ പ്രസിഡന്റ് എ.പ്രവീൺകുമാർ, കെ.ജയകുമാർ, കെ.ബി രാജൻ ,പനയ്ക്കൽ ദേവരാജൻ, വിഷ്ണപ്രസാദ്, യു. ശ്രീജിത്ത്, പി.എസ്.നിധീഷ്, വിജയ പ്രസാദ്,എന്നിവർ നേതൃത്വം നൽകി.
പരിത്യാഗിയായ ഗുരുദേവൻ, ഗുരുദേവന്റെ സർവ്വമത സമന്വയം.:ഗുരുദേവന്റെ അവധൂതചര്യ,ഗുരുദേവന്റെ ഈശ്വരസാക്ഷാത്കാരം ,ഗുരുദേവ തത്വദർശനം, ഗുരുദേവന്റെ ലോകസംഗ്രഹം, ഗുരുവിന്റെ മഹാസമാധി എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു.