s

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി തുക വിനിയോഗത്തിൽ സംസ്ഥാന തലത്തിൽ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്തെത്തി. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി പുരോഗതിയിലാണ് ഈ നേട്ടം. പൊതുവിഭാഗം വികസന ഫണ്ട്, പട്ടികജാതിക്കാർക്കുള്ള പ്രത്യേക ഘടക പദ്ധതി, പട്ടിക വർഗ ഉപപദ്ധതി, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് എന്നീ വിഭാഗങ്ങളിലായി ജില്ലയ്ക്ക് അനുവദിച്ച 385.68 കോടി രൂപയിൽ 356.83 കോടി രൂപയാണ് 72 ഗ്രാമ പഞ്ചായത്തുകൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, ആറു നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നിവയിലൂടെ ചെലവഴിച്ചത്. പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക ഘടക പദ്ധതിയിൽ 67.01 കോടി രൂപയും പട്ടികവർഗ വിഭാഗത്തിനുള്ള ഉപപദ്ധതിയിൽ 68.03 ലക്ഷം രൂപയും ചെലവഴിച്ചു. കഴിഞ്ഞ വർഷം ജില്ല സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്ലാൻ ക്ലർക്കുമാർ എന്നിവരെ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സണും ജില്ലാ കളക്ടറും അഭിനന്ദിച്ചു.

സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർ

മുഹമ്മ പഞ്ചായത്ത് (121.76 ശതമാനം)

കാർത്തികപ്പള്ളി (121.15 ശതമാനം)

പുന്നപ്ര തെക്ക് (120.97 ശതമാനം)

തിളങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ

 94.09 ശതമാനം വിനിയോഗവുമായി ചേർത്തല നഗരസഭ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്ത്

 ആലപ്പുഴ ജില്ലാ പഞ്ചായത്ത് 72.46 പദ്ധതി തുക ചെലവഴിച്ചു

 37 ഗ്രാമ പഞ്ചായത്തുകൾക്കും നാല് ബ്ലോക്ക് പഞ്ചായത്തുകൾക്കും പദ്ധതിതുക വിനിയോഗത്തിൽ 100 ശതമാനം നേട്ടം

 21 ഗ്രാമ പഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റികളും 90 ശതമാനത്തിലധികം തുക ചെലവഴിച്ചു.

നൂറ് ശതമാനം തുക വിനിയോഗിച്ചത്

ഗ്രാമപഞ്ചായത്തുകൾ

മുഹമ്മ, കാർത്തികപ്പള്ളി, പുന്നപ്ര തെക്ക്, മുട്ടാർ, നെടുമുടി, അമ്പലപ്പുഴ തെക്ക്, തഴക്കര, കാവാലം, വളളികുന്നം, അരൂർ, ചെറുതന, എഴുപുന്ന, പുന്നപ്ര വടക്ക്, ചമ്പക്കുളം, കുമാരപുരം, മാരാരിക്കുളം വടക്ക്, തകഴി, പട്ടണക്കാട്, മാവേലിക്കര തെക്കേക്കര, തിരുവൻവണ്ടൂർ, ദേവികുളങ്ങര, കൈനകരി, എടത്വ, തുറവൂർ, തൃക്കുന്നപ്പുഴ, പുളിങ്കുന്ന്, കുത്തിയതോട്, പുലിയൂർ, വെളിയനാട്, ചിങ്ങോലി, രാമങ്കരി, കടക്കരപ്പള്ളി, മുതുകുളം, ചെറിയനാട്, ബുധനൂർ, പാണാവള്ളി, മണ്ണഞ്ചരി

ബ്ലോക്ക് പഞ്ചായത്തുകൾ

ചെങ്ങന്നൂർ, തൈക്കാട്ടുശ്ശേരി, മാവേലിക്കര, അമ്പലപ്പുഴ