മാവേലിക്കര: ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ അശ്വതി, ഭരണി ഉത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ ഭാഗവതപാരായണം, നിറപറ സമർപ്പണം, വൈകിട്ട് 6ന് ക്ഷേത്ര കലാനിധി സോപാന സംഗീതരത്നം സജീവ് കുമാർ തിരുവൻവണ്ടൂരിന്റെ സോപാന സംഗീതം, രാത്രി 8ന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. നാളെ രാവിലെ 6.30 മുതൽ നിറപറ സമർപ്പണം, 8.30ന് നാല് കരയിലെയും കരനാഥന്മാർ അമ്മക്കുള്ള നിവേദ്യസാധനങ്ങൾ സംയുക്ത ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു തന്ത്രി പ്ലാക്കൂടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ഏൽപ്പിക്കും. വൈകിട്ട് 4ന് നാദസ്വര വാദ്യവിസാരദ നാദലയ കലൈമാമണി മധുരയ് സുബ്രഹ്മണ്യൻ, മധുരയ്‌ ആനന്ദി എന്നിവരുടെ കച്ചേരി, 6ന് ഭഗവതിയുടെ എഴുന്നള്ളത്ത്, നൂറ്റൊന്ന് കലം ഘോഷയാത്രയും സ്വീകരണവും ദീപാരാധനയും നടക്കും. ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതിനാൽ ഈ വർഷവും കെട്ടുകാഴ്ചകൾക്ക് അനുമതിയില്ല. രാത്രി 8.30ന് അമ്പലപ്പുഴ സാരഥിയുടെ നാടകം സമം. രാത്രി 11.30ന് വടക്കെ ആൽത്തറ വരെ എഴുന്നള്ളത്ത്, എതിരേൽപ്പ് തറയിൽ സേവയും നടക്കും.