s

ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകാൻ വൈകുന്നതിനാൽ തണ്ണീർമുക്കം ബണ്ട് തുറക്കുന്നത് നീളും. ഇതോടെ കായലിലെയും തോടുകളിലെയും ജലനിരപ്പ് കുത്തനെ താഴ്ന്നു. കടുത്ത വേനൽച്ചൂട് വേമ്പനാട്ടു കായലിലെ മത്സ്യസമ്പത്തിനും ഭീഷണിയാണ്. സാധാരണ ഡിസംബറിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി മാർച്ച് പകുതിയോടെ തുറക്കുകയാണ് പതിവ്.

നാടൻ മുഷി, കോല,വാളക്കൂരി,ആറ്റുവാള,വരാൽ,ആറ്റുകൊഞ്ച്, കാലൻ ചെമ്മീൻ, പൂമീൻ, നഞ്ചുകരിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനം ഏപ്രിൽ, മേയ് മാസങ്ങളിലാണ് നടക്കുന്നത്. ബണ്ട് തുറന്ന് ഉപ്പുവെള്ളം കായലിലേക്ക് കയറാത്തതിനാൽ, ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ പ്രജനനം വൈകുന്നത് വരുംനാളുകളിൽ വലിയ തോതിൽ മത്സ്യസമ്പത്ത് കുറയുന്നതിനിടയാക്കും. ഇത് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കും. രൂക്ഷമായ വരൾച്ച മൂലം തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ഭാഗത്ത് ജലനിരപ്പ് വളരെയധികം കുറഞ്ഞിട്ടുണ്ട്.

പുഞ്ചകൃഷി തുടങ്ങാൻ വൈകി

കാലം തെറ്റിയെത്തിയ മഴ കാരണം പുഞ്ചകൃഷി തുടങ്ങാൻ വൈകിയതിനാൽ കൊയ്ത്ത് ഇപ്പോൾ മൂന്നിലൊന്നുപോലും പൂർത്തീകരിച്ചിട്ടില്ല. 648 പാടശേഖരങ്ങളിൽ 27,493 ഹെക്ടറിൽ വിളവിറക്കിയെങ്കിലും 4000 ഹെക്ടറിൽ മാത്രമാണ് വിളെവെടുപ്പ് നടത്താനായത്. പ്രതികൂല കാലാവസ്ഥയിലും 150ദിവസം കൊണ്ട് വിളവ് ലഭിക്കുന്ന ഉമ ഇനത്തിലുള്ള വിത്താണ് കർഷകർ വിതച്ചത്. വിളവെടുപ്പ് പൂർത്തീകരിക്കാതെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തരുതെന്ന് വിവിധ കർഷക സംഘടനാ നേതാക്കൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

"ധീവരസഭയും സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാർച്ച് 15ന് മുമ്പ് ഷട്ടർ ഉയർത്തണമെന്ന് തീരുമാനമുണ്ടായിരുന്നതാണ്. ഇത്തവണ ഇത് നടപ്പാക്കിയില്ല. മാർച്ച് മാസം കഴിഞ്ഞിട്ടുംഉപദേശക സമിതി വിളിച്ചു കൂട്ടി തീരുമാനം കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല. ഷട്ടർ തുറക്കാൻ ഇനിയും കാലതാമസം ഉണ്ടാവുകയാണെങ്കിൽ സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരും.

- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ