
അമ്പലപ്പുഴ: പുന്നപ്ര ഈരേത്തോടിന്റെ സംരക്ഷണ ഭിത്തി ഇടിയുന്നത് റോഡിനും യാത്രക്കാർക്കും ഭീഷണിയാകുന്നു. ദേശീയ പാതയിൽ കപ്പക്കട താഴ്ചയിൽ നിന്ന് കിഴക്കോട്ടു പോകുന്ന ഈരേത്തോട് പൂക്കൈത ആറിലാണ് ചേരുന്നത്. തോടിന്റെ ഇരുവശവും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പുന്നപ്ര തെക്ക് ,വടക്ക് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയാണ് ഇത്. ഒരു വർഷം മുമ്പ് നിർമിച്ച സംരക്ഷണ ഭിത്തിയുടെ പല ഭാഗത്തും വിള്ളൽ വീഴുകയും റോഡിലെ ഗ്രാവൽ ഒലിച്ച് തോട്ടിലോട്ട് പോകുകയും ചെയ്യുന്നതിനാൽ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടു. ഈ കുടികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മാസങ്ങൾക്കു മുമ്പ് കൽക്കെട്ടിന്റെ വിടവിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ഒമിനി വാൻ തോട്ടിലേക്ക് മറിഞ്ഞിരുന്നു.
കൽക്കെട്ട് നിർമാണത്തിലെ അപാകതയാണ് റോഡ് തകരുന്നതിനു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭിത്തിയോട് ചേർന്ന് പോകുന്ന റോഡ് ഏതു സമയത്തും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. പല തവണ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.