ആലപ്പുഴ: കഞ്ചാവ് വില്പനയെ കുറിച്ച് രഹസ്യ വിവരം നൽകിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ യുയാവിനെ സാഹസികമായി മണ്ണഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡിൽ പടിഞ്ഞാറേ വെളിവീട്ടിൽ ശ്രീജിത്തിനെയാണ് (26) സി.ഐ പി.കെ.മൊഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി തിരുവനന്തപുരത്ത് ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ. ബിജു, ടി.ഡി.നെവിൻ, എസ്.സി.പി.ഒ ഉല്ലാസ്, സി.പി.ഒ ഷൈജു, പ്രവീൺകുമാർ എന്നിവർ അവിടെയെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.