bjp
നൂറനാട് പടനിലം എൽ . പി സ്കൂളിലെ പുതിയ കെട്ടിടം അനധികൃതമായി പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് ബി ജെ പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഴയ എച്ച്.എം നേയും പുതിയ ചാർജ് എച്ച്.എം നേയും ഉപരോധിക്കുന്നു.

ചാരുംമൂട് : നൂറനാട് പടനിലം എൽ. പി സ്കൂളിലെ നിർമ്മാണ പ്രവർത്തനം നടത്തി ഏഴ് വർഷത്തിനുള്ളിൽ കംപ്യൂട്ടർ റൂം അടക്കം അനധികൃതമായി പൊളിച്ചു നീക്കിയത് വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് ആവശ്യപെട്ടു. മാവേലിക്കര മുൻ എം.എൽ.എ ആർ.രാജേഷിന്റെ ആസ്തിവികസന ഫണ്ടിൽ പുതിയ കെട്ടിടം നിർമിക്കാൻ എന്ന പേരിലാണ് എസ്.എസ്.എ ഫണ്ടിൽ ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം പൊളിച്ചു നീക്കിയത്. പുതിയ കെട്ടിടം പണിയുന്നതിനായി താത്കാലിക ഷെഡ് പൊളിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി സംഘടപ്പിച്ചതെന്ന് ബി.ജെ.പി. ഭാരവാഹികൾ പറഞ്ഞു.

തുടർന്ന് പഴയ എച്ച്.എം നേയും പുതിയ ചാർജ് എച്ച്.എം നേയും ബി.ജെ.പി. പ്രവർത്തകർ ഉപരോധിച്ചു.

ബി.ജെ.പി. മാവേലിക്കര മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കുരേത്ത്, വൈസ് പ്രസിഡന്റ് കെ.ആർ പ്രദീപ്,സെക്രട്ടറി അശോക് ബാബു, ജില്ലാ കമ്മിറ്റിയംഗം പി. സ്റ്റാലിൻകുമാർ , വാർഡ് മെമ്പറും യുവമോർച്ച മണ്ഡലം പ്രസിഡന്റുമായ ആർ. വിഷ്ണു, ഏരിയാ സെക്രട്ടറി ബിനു ശിവരാമൻ, വാസുദേവൻ പിള്ള, രവി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നല്കി.