മാവേലിക്കര: ജില്ലാ കോടതിയിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 14.82 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-l, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ll, കുടുംബ കോടതി എന്നിവ ഉൾപ്പെടുന്നു. 3723 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ നാലുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഫാമിലി കോടതിയും രണ്ടാമത്തെ നിലയിൽ ജെ.എഫ്.എം.സി കോടതി-1 ഉം മൂന്നാമത്തെ നിലയിൽ ജെ.എഫ്.എം.സി കോടതി 2 ഉം നാലാമത്തെ നിലയിൽ ഒരു കോൺഫറൻസ് ഹാളും അതിനോടൊപ്പം അഡ്വക്കേറ്റ് റും, ലൈബ്രറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
മൂന്ന് കോടതികൾക്കുമൊപ്പം തന്നെ ജഡ്ജസ് ചേമ്പർ, ടോയിലറ്റ്, ഓഫീസ് റൂം, ഡൈനിംഗ് ഹാൾ, ലോബി, റെക്കാഡ് റും, കോപ്പിയിംഗ് സെക്ഷൻ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ മൂന്ന് സ്റ്റെയർ റൂമുകൾ, രണ്ട് ലിഫ്റ്റ്, കുട്ടികൾക്കുള്ള കളിസ്ഥലം, വാഹനങ്ങൾക്കുള്ള പാർക്കിംഗ് എന്നിവയും ഇതിൽപ്പെടുന്നു. പൊതുമരാമത്ത് വിഭാഗത്തിനാണ് നിർമാണച്ചുമതല. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൊതുമരാമത്ത് കെട്ടിട വിഭാഗം പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.