photo
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മുല്ലപ്പൂ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്റി പി. പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷി ചെയ്ത മുല്ലപ്പൂക്കൾ സംഭരിക്കുന്നതിന് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എസ്.എൻ കോളേജിനു മുൻവശത്തെ പഞ്ചായത്തിന്റെ പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിൽ കൃഷി മന്ത്റി പി. പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ്‌കുമാർ,ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽ കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.കമലമ്മ, ബൈരഞ്ജിത്ത്, ജ്യോതി മോൾ സംഘം പ്രസിഡന്റ്‌കെ. കൈലാസൻ,എസ്.രാധാകൃഷ്ണൻ,റജി പുഷ്പാംഗദൻ,സി.കെ. ശോഭനൻ,സി.വി.മനോഹരൻ , വി.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
കഞ്ഞിക്കുഴി പൂ കൃഷി സഹകരണ സംഘം 1147ആണ് പൂക്കൾ സംഭരിക്കുന്നത്.ഓരോ വാർഡിൽ നിന്നും മുല്ലപ്പൂ ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ രാവിലെ എത്തിക്കും. ആവശ്യാനുസരണം മുല്ലമൊട്ടായും മുല്ലമാലയായും ഇവ വിപണനം നടത്തും.സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ സംഘത്തിന്റെ സഹായത്തോടെ മുല്ലപ്പൂ സംഭരണ കേന്ദ്രം ആരംഭിച്ചത്.
18 വാർഡുകളിലായി 288 ഗ്രൂപ്പുകളാണ് മുല്ല കൃഷി നടത്തിയത്. 1300 ചെടികൾ വീതമാണ് ഓരോ ഗ്രൂപ്പും ചെയ്തത്. 4.96 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.