ph

കായംകുളം: റെയിൽവേ ഗേറ്റിൽ വനിതാ ഗേറ്റ് കീപ്പറെ അടിച്ചുതാഴെയിട്ടശേഷം അഞ്ചുഗ്രാം തൂക്കം വരുന്ന താലിമാലയും കമ്മലും കവർന്നു. ശാസ്താംകോട്ട സ്വദേശി അശ്വതിയാണ് (28) ആക്രമണത്തിനിരയായത്. പരിക്കേറ്റ അശ്വതിയെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവിന്റെ കൈ കടിച്ചുമുറിച്ചശേഷം ഗേറ്റ് കീപ്പർ റൂമിൽ നിന്ന് പുറത്തേക്കോടിയാണ് അശ്വതി കൂടുതൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കായംകുളം ​-ആലപ്പുഴ തീരദേശ പാതയിൽ കാക്കനാട് ഹോളീമേരി സ്കൂളിന് സമീപത്തെ വലിയതുറ റെയിൽവേ ഗേറ്റിൽ ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. കമ്മൽ സ്വർണമല്ല.

മോഷ്ടാവിനെക്കുറിച്ച് ഇതുവരെയും സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിനരികെയുള്ള അഞ്ചു വീടുകളിൽ മോഷണം നടന്നിരുന്നു. തമിഴ് സംഘങ്ങളെ സംശയിച്ച് അവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

സംഭവത്തെക്കുറിച്ച് അശ്വതി പറയുന്നത്: ''ട്രെയിൻ കടന്നുപോയശേഷം ഗേറ്റു തുറന്ന് വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. ബെല്ലടിക്കുന്നത് കേട്ട് ടെലിഫോൺ എടുക്കുന്നതിനായി മുറിക്കുള്ളിൽ കയറി കതകടച്ചു. ഈ സമയം ഒരാൾ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി തന്നെ അടിച്ചു താഴെയിട്ടു. കമ്മലുകൾ വലിച്ചു പറിച്ചെടുത്തു. മാലയും വലിച്ചുപൊട്ടിച്ചു. അലറി വിളിച്ചിട്ടും പിൻതിരിഞ്ഞില്ല. ഒടുവിൽ അയാളുടെ കൈ കടിച്ചുമുറിച്ചശേഷം താൻ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് ഓടി മറഞ്ഞു''. ലോക്കൽ പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.