a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ച് ഇന്നലെ അശ്വതി ഉത്സവം നടന്നു. അശ്വതി ഉത്സവവുമായി ബന്ധപ്പെട്ട് പതിമൂന്ന് കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ 13 കെട്ടുകാഴ്ചകൾ ക്ഷേത്രവളപ്പിൽ തയ്യാറാക്കി. വൈകിട്ട് ചെറുമാളിയേക്കൽ ഇറക്കിപ്പൂജ, ഈരേഴവടക്ക് കുതിരച്ചുവട്ടിൽ അൻപൊലി, മേനാമ്പളളി കരയോഗ ആസ്ഥാനത്തും കൈത തെക്കും പോളവിളക്ക് അൻപൊലി എന്നിവയ്ക്കായി ഭഗവതി എഴുന്നളളി. തുടർന്ന് തെക്കേപോളവിളക്കിനും വടക്കേ പോളവിളക്കിനും ചുവട്ടിൽ ഭഗവതിയുടെ എഴുന്നളളത്ത് നടന്നു. ക്ഷേത്രവളപ്പിലൊരുക്കിയ കെട്ടുകാഴ്ചകൾക്ക് മുന്നിൽ ദേവി എഴുന്നളളി അനുഗ്രഹ ചൊരിഞ്ഞു. തുടർന്ന് ഭഗവതിയുടെ കൊടുങ്ങല്ലൂർ യാത്ര ചോദിക്കൽ ചടങ്ങ് നടന്നു.ദേവി കൊടുങ്ങല്ലൂരേക്ക് പോയെന്ന് സങ്കല്പത്തിൽ ഇന്ന് ഭരണി നാളിൽ ക്ഷേത്രനട അടഞ്ഞുകിടക്കും. കാർത്തികനാളായ നാളെ രാവിലെ ഭഗവതി തിരികെയെത്തുന്നതോടെ നടതുറന്ന് ക്ഷേത്രം വീണ്ടും സജീവമാകും.