
മാന്നാർ: ഉപ്പുതൊട്ടു കർപ്പൂരം വരെ വാങ്ങാവുന്ന ഒരു ചന്ത മാന്നാറിലുണ്ടായിരുന്നു. ഏഴു പതിറ്റാണ്ടോളം മാന്നാറിന്റെ സ്പന്ദനമായി ആ പൊതു ചന്ത ഇവിടെ നിലനിന്നു. മാന്നാർ പുത്തൻപള്ളിക്ക് തെക്കും തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന് വടക്കുമായിട്ടായിരുന്നു പടനിലംചന്ത സ്ഥിതിചെയ്തിരുന്നത്. രാജ ഭരണ കാലത്ത് യുദ്ധം നടന്നിരുന്നതിനാലാണ് പടനിലം എന്ന പേര് വന്നത്.
ബുധനൂർ,പുലിയൂർ,ചെന്നിത്തല,പാണ്ടനാട്, വീയപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുപോലും കമ്പോളത്തിൽ എത്തി സാധനങ്ങൾ വാങ്ങുവാൻ ആളുകൾ എത്തിയിരുന്നു. ഇന്ന് ആ സ്ഥലത്ത് വലിയൊരു സൂപ്പർമാർക്കറ്റ് ഉയർന്നിരിക്കുകയാണ്. നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ പേറി ഇന്നും പടനിലം പഴമക്കാരുടെ വർത്തമാനങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ മാന്നാറിനു പൊതുവായൊരു ചന്ത എന്നആവശ്യം ഉയരുകയാണ്.
അനുദിനം വികസനപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാന്നാർ ഗ്രാമപഞ്ചായത്തിൽ നിരവധി ചെറുകിട വ്യവസായയൂണിറ്റുകളും ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊതുചന്തയില്ലാത്തത് നാട്ടുകാരെയും മത്സ്യകച്ചവടക്കാരെയും വിഷമത്തിലാക്കുന്നു. ഇപ്പോൾ സ്റ്റോർമുക്കിൽ ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിന് മുൻവശം സ്വകാര്യസ്ഥലത്ത് മാർക്കറ്റു പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ഥലപരിമിതിമൂലം വിരലിലെണ്ണാവുന്ന കച്ചവടക്കാർ മാത്രമാണുള്ളത്. പൊതുചന്തയില്ലാത്തതിനാൽ മാന്നാറിന്റെ പലഭാഗത്തും വഴിയോരക്കച്ചവടം നടത്തുന്നവർ അധികൃതരുടെ ശിക്ഷാനടപടികൾക്ക് വിധേയരാവേണ്ടി വരുന്നു.
ബസ് സ്റ്റാൻഡിനു സമീപമുള്ള കമ്മ്യൂണിറ്റിഹാളും ദീർഘവീക്ഷണമില്ലാതെ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയവും പൊളിച്ച് വലിയൊരു ഷോപ്പിംഗ് കോംപ്ലെക്സ് അവിടെ നിർമ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത്ഓഫീസ് ഉൾപ്പെടെയുള്ളവ അവിടെ പ്രവർത്തിക്കുകയും ചെയ്‌താൽ ജനങ്ങൾക്ക് ഉപകാരപ്രദമാകും. മാന്നാറിലൊരു പൊതുചന്ത സ്ഥാപിക്കുവാനുള്ള പദ്ധതിയും ആലോചനയിലാണ്. പൊതുചന്തക്കനുയോജ്യമായ സ്ഥലം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്.
ടി.വി രത്നകുമാരി, പ്രസിഡന്റ്, മാന്നാർ ഗ്രാമപഞ്ചായത്ത്
.................................................................
മാന്നാറിൽ ഒരു പൊതുചന്ത വന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെപ്രയോജനകരമാകും. അനുയോജ്യമായ സ്ഥലംകണ്ടെത്തി അതിനുള്ള സംവിധാനം സൃഷ്ടിച്ചാൽ പഞ്ചായത്തിനും വരുമാന മാർഗമാകും. ഇപ്പോൾ പലയിടത്തും മത്സ്യ-മാംസാദികൾ വില്പന നടത്തുന്നുണ്ടെങ്കിലും പഞ്ചായത്തിന് യാതൊരു പ്രയോജനവുമില്ല.
സുജിത് ശ്രീരംഗം, പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്