hotel

ചേർത്തല: കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്ന പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയെ തുടർന്ന് ചേർത്തല താലൂക്കിലെ 24 ഹോട്ടലുകളിൽ ഇന്നലെ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 13 ഹോട്ടലുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അവയ്‌ക്കെതിരെ നടപടിക്ക് താലൂക്ക് സപ്ലൈ ഓഫിസർ ആർ.ശ്രീകുമാരൻ ഉണ്ണി ജില്ലാ സപ്ലൈ ഓഫിസ് മുഖാന്തരം കളക്ടർക്ക് റിപ്പോർട്ട് നൽകി. ചേർത്തല നഗരസഭ, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണത്തിന് വില കൂടുതലുള്ള 8ഹോട്ടലുകൾ,വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത 4 ഹോട്ടൽ, ലൈസൻസില്ലാത്ത ഒന്ന് എന്നിവയ്‌ക്കെതിരെയാണ് നടപടിയ്ക്ക് റിപ്പോർട്ട് നൽകിയത്. പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച്ച കണിച്ചുകുളങ്ങര ഭാഗത്ത് 12 ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ രണ്ടു ഹോട്ടലുകളിൽ ക്രമക്കേട് കണ്ടെത്തിയത് റിപ്പോർട്ട് ചെയ്തിരുന്നു.