മാവേലിക്കര: കക്കൂസ് മാലിന്യത്തിൽ നിന്ന് കൃഷിക്കാവശ്യമായ വെള്ളവും വളവും ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഗ്രാമങ്ങളിൽ രാജ്യത്ത് ആദ്യമായി തെക്കേക്കര ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കും. സൂചിത്വ ഭാരത് മിഷൻ 7 കോടി മുടക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ നിർമാണച്ചുമതല ജില്ലാ പഞ്ചായത്തിനാണ് . പദ്ധതിക്കായി സ്ഥലം വാങ്ങി നൽകിയ ഗ്രാമ പഞ്ചായത്തിനാണ് പ്ലാന്റിന്റെ പൂർണ പ്രവർത്തന ചുമതലയും ഉടമസ്ഥാവകാശവും.

7 കോടി ചെലവിട്ടുള്ള പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അംഗീകാരമായി കൃഷി മന്ത്രി പി.പ്രസാദ് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാറിനെ അനുമോദിച്ചു. ആലപ്പുഴ നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ രേണു രാജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ പ്രദീപ് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ശുചിത്വ ഭാരത് മിഷൻ ജില്ലാ കോഓർഡിനേറ്റർ ജയകുമാരി, ജോ.കോർഡിനേറ്റർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.