kuttanad

ആലപ്പുഴ: ഇടയ്ക്കിടെയെത്തുന്ന വേനൽ മഴയും മടവീഴ്ച്ചയും കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്നു. ചമ്പക്കുളം, എടത്വ, നെടുമുടി, രാമങ്കരി കൃഷിഭവനുകളിലെ പാടശേഖരങ്ങളിലെ നൂറുമേനി വിളവുള്ള നെൽച്ചെടികൾ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിലം പൊത്തിയിരുന്നു.

400 ഏക്കർ വിസ്തൃതിയുള്ള പെരുമാനിക്കര വടക്കേ 900 പാടശേഖരം മടവീഴ്ചയിൽ തകർന്നു. ഇതിനൊപ്പം വരുന്ന നാല് ദിവസം കൂടി മഴയുണ്ടാകുമെന്ന അറിയിപ്പ് കർഷകരെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണ്.

ഇതുവരെ 5300ഓളം ഹെക്ടറിലാണ് വിളവെടുപ്പ് പൂർത്തിയാകുമ്പോഴും കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമം വിളവെടുപ്പിനെ ബാധിക്കുന്ന സ്ഥിതിയുണ്ട്. കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്‌നാട്ടിൽ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും എത്തിക്കാനായിട്ടില്ല.

കിഴക്കൻ മേഖലയിൽ വേനൽ മഴ കനത്തതോടെ പമ്പ, മണിമല, അച്ഛൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയരന്നത് കർഷകരെ കൂടുതൽ ആശങ്കടുത്തുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ പല പാടങ്ങളിലും യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കൊയ്യുന്നതിനിടെ നെല്ല് ഉതിർന്ന് പോകുന്നതും നഷ്ടം ഉണ്ടാക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് മണിക്കൂറാണ് വേണ്ടിവരുന്നത്. ഇത് കർഷകർക്ക് അധികസാമ്പത്തിക ചെലവിനിടയാക്കും.

# കണക്കുകൂട്ടൽ

ശരിയാകുന്നില്ല

കാലാവസ്ഥാ വ്യതിയാനം മൂലം പല ഘട്ടങ്ങളിലായാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതിനനുസരിച്ച് ഘട്ടംഘട്ടമായി വിളവെടുത്താൽ മതിയെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. അതിനാൽ കുറച്ച് യന്ത്രങ്ങൾ മാത്രമാണ് ആദ്യം എത്തിച്ചത്. അറുന്നൂറ് കൊയ്ത്ത് യന്ത്രങ്ങൾ വേണ്ടിയിരുന്നിടത്ത് 310 യന്ത്രങ്ങളാണ് എത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിക്കുന്നതോടെ യന്ത്രക്ഷാമം രൂക്ഷമാകും.

# പൈപ്പും വില്ലൻ

ശുദ്ധജല പൈപ്പ് പൊട്ടിയും എയർ വാൽവിലൂടെയും വെള്ളം ഒഴുകി പാടങ്ങളിൽ എത്തുന്നത് പ്രശ്നമുണ്ടാക്കുന്നുണ്ട്. എടത്വ – മാമ്പുഴക്കരി റോഡിൽ ആനക്കിടാവിരുത്തി പാടത്തിന്റെ വശത്തുകൂടിയുള്ള പൈപ്പിൽ പത്തിലേറെ സ്ഥലങ്ങളിൽ വെള്ളം ചോർന്ന് പാടത്തേക്ക് ഒഴുകുന്നു, തകഴി, കേളമംഗലം, എടത്വ, ചട്ടുകം, മങ്കോട്ട പാടത്ത് ഉൾപ്പെടെ ജലവിതരണ പൈപ്പുകളുടെ ചോർച്ച മൂലം വെള്ളക്കെട്ടുണ്ട്.

# രണ്ടാം കൃഷി

(ഹെക്ടറിൽ)​

വിതച്ചത്: 27,493

പാടം: 648

വിളവെടുത്തത്: 5300

പാടം: 90

# കൊയ്ത്ത് യന്ത്രങ്ങൾ

ആകെ വേണ്ടത്.........................600

നിലവിലെത്തിയത്................... 310

# ചെലവ് ഏക്കറിന്

സ്വന്തമായി : 30,000 മുതൽ 35,000രൂപ

പാട്ടകൃഷിക്കാർ: 55,000രൂപ

പ്രതീക്ഷിച്ച വിളവ്: 30 മുതൽ 35ക്വിന്റൽ

...............................................

"വേനൽ മഴയും കാറ്റും വെല്ലുവിളി ഉയർത്തുമ്പോൾ കർഷകരെ നെൽകൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്. കൂടുതൽ യന്ത്രങ്ങൾ എത്തിക്കുകയും സംഭരണത്തിന് പ്രത്യേക സംവിധാനവും രൂപീകരിക്കണം. വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും അടിയന്തര യോഗം വിളിച്ച് ദ്രുതകർമ പദ്ധതി ആവിഷ്കരിക്കണം.

കൊടിക്കുന്നിൽ സുരേഷ് എം.പി

"ആദ്യഘട്ടത്തിൽ വിളവ് ഇറക്കിയ പാടശേഖരങ്ങളിലാണ് വേനൽമഴ ഭീഷണി. നെല്ല് നിലംപൊത്തിയതിനാൽ 30 ശതമാനം വിളനാശം ഉണ്ടാകും. താമസിച്ച് വിളവ് ഇറക്കിയ പാടശേഖരങ്ങളിൽ ഓരുഭീഷണിയും ശുദ്ധജല ക്ഷാമവും നേരിടുന്നു.

കുഞ്ഞുമോൻ, സെക്രട്ടറി, കന്നിട്ടപാടശേഖരം.

....................................................