
അമ്പലപ്പുഴ: താക്കോൽ കൈമാറാൻ പകരക്കാരില്ലാതെ കഞ്ഞിപ്പാടം എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ഗീതകുമാരി പടിയിറങ്ങുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമമായ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കഞ്ഞിപ്പാടം എൽ.പി സ്കൂൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഏക ആശ്രയമാണ്. പ്രഥമ അദ്ധ്യാപിക ഗീതകുമാരി മേയ് 31 ന് സർവീസിൽ നിന്ന് വിരമിക്കും. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 63 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രഥമ അദ്ധ്യാപിക മാത്രമാണ് സർക്കാരിന്റെ സ്ഥിരം ജീവനക്കാരി. മറ്റു മൂന്ന് അദ്ധ്യാപകരും, ആയയും മനേജ്മെന്റിന്റെ താത്കാലിക ജീവനക്കാരാണ്. ആയയ്ക്കു ശമ്പളം നൽകുന്നത് ഗീതാകുമാരിയുടെ ശമ്പളത്തിൽ നിന്നാണ്. കഞ്ഞിപ്പാടം ചേച്ചാ പറമ്പിൽ കുടുംബത്തിന്റെ അധീനതയിലായിരുന്ന സ്കൂൾ പിന്നീട് നാട്ടുകാർക്ക് കൈമാറുകയായിരുന്നു. എല്ലാ ജാതി മതസ്ഥരും അടങ്ങിയ കമ്മറ്റിയും, കമ്മറ്റി തിരഞ്ഞെടുക്കുന്ന മാനേജരും വേണമെന്ന വ്യവസ്ഥയിലാണ് 80 സെന്റ് സ്ഥലവും ,5 ക്ലാസ് മുറികളും, ഓഫീസും കമ്പ്യൂട്ടർ ക്ലാസുമുള്ള കെട്ടിടം കൈമാറിയത്. 100 വർഷം പഴക്കമുള്ള സ്കൂൾ സർക്കാരിന് നൽകാൻ രേഖകൾ ഡി.പി.ഐക്കു കൈമാറി.ഇതേതുടർന്ന് 17 ഫെബ്രുവരി 2021 ൽ പത്തു സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതിൽ ഒന്ന് കഞ്ഞിപ്പാടം സ്കൂളാണെന്ന് സർക്കാർ ഉത്തരവും വന്നിരുന്നു.പിന്നീട് വീണ്ടും രേഖകൾ ആവശ്യപ്പെട്ട് കത്തു വരുകയും, അതും സമർപ്പിച്ച് ഉത്തരവിനായി കാത്തിരിക്കുകയാണ് നാട്ടുകാരും സ്കൂൾ ജീവനക്കാരും. എന്നാൽ പ്രഥമാദ്ധ്യാപിക പടിയിറങ്ങുന്നതിന് മുമ്പ് സർക്കാർ ഏറ്റെടുത്തെന്ന ഉത്തരവ് വരണമെന്ന പ്രാർത്ഥനയിലാണ് നാട്. പ്രദേശത്ത് 5 കി.മീറ്ററോളം മാറിയാണ് മറ്റു സ്കുളുകൾ ഉള്ളത്. അതു കൊണ്ടു തന്നെ ഈ അദ്ധ്യയന വർഷം തന്നെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് രക്ഷകർത്താക്കളുടേയും, നാട്ടുകാരുടേയും ആശങ്ക അകറ്റമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
.....
'' മേയ് 31 ന് വിരമിക്കുമെങ്കിലും പകരം സംവിധാനം വരുന്നതുവരെ അധികാരം ഇല്ലെങ്കിലും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഞാൻ ഉണ്ടാവും.1987 മുതൽ ഇവിടെ അദ്ധ്യാപികയായി വന്നതാണ്. സ്കൂളിലെ അദ്ധ്യയനം മുടങ്ങാതിരിക്കാൻ പൂർണ പിന്തുണ ഉണ്ടാകും.
ഗീതകുമാരി, പ്രഥമ അദ്ധ്യാപിക