a

മാവേലിക്കര: സർവാഭരണ വിഭൂഷിതയായ ഭഗവതി പൊന്നിൽ കുളിച്ച് കണ്മുന്നിൽ. വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ പുണ്യ ദർശനത്തിനായി മീനത്തിലെ കാർത്തികനാളായിരുന്ന ഇന്നലെ രാവിലെ മുതൽ ഭക്തർ ചെട്ടികുളങ്ങര സന്നിധിയിലേക്ക് ഒഴുകുകയായിരുന്നു. പകൽ മുഴുവൻ കത്തുന്ന മീന വെയിലും വൈകുന്നേരം വേനൽ മഴയും അവഗണിച്ചാണ് ഭക്തർ ദേവീയുടെ പുണ്യദർശനത്തിനായി കാത്തുനിന്നത്.

രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള തിരുവാഭരണങ്ങളണിയിച്ചാണ് ഈ ദിവസം ദേവിയെ ഒരുക്കുന്നത്. ഏറെ പഴക്കമുള്ള ആചാരം ഇടക്കാലത്ത് നിലച്ചുപോയിരുന്നു. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് അടുത്തിടെ ഇത് പുനരാരംഭിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്ക് തുടങ്ങിയ കാർത്തിക ദർശനം വൈകിട്ട് ആറര വരെ തുടർന്നു. ചെട്ടികുളങ്ങരയിലെ തിരുവാഭരണങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. 12 ദിവസമായി കഠിന വ്രതത്തോടെ ദേവീ ഭജനം നടത്തിയ 13 കരകളിൽ നിന്നുള്ള പ്രതിനിധികൾ ഇന്നലെ പുലർച്ചേ നാലു മണിയോടെ ഹരിപ്പാടിന് യാത്രതിരിച്ചു. ഓരോ കരയിൽ നിന്നും അഞ്ചുവീതം പ്രതിനിധികളാണുണ്ടായിരുന്നത്. ആറുമണിയോടെ ഹരിപ്പാട് ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും കരനാഥൻമാരും ചേർന്ന് തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് താളമേളങ്ങളുടെ അകമ്പടിയോടെ പദയാത്രയായി ചെട്ടികുളങ്ങരയിലേക്ക് പുറപ്പെട്ടു. ചെട്ടികുളങ്ങര കിഴക്കേ നടയിലെ എതിരേൽപ്പ് മണ്ഡപത്തിലെത്തിച്ചേർന്ന് ഘോഷയാത്രയെ 13 കരക്കാരും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും ദേവസ്വം ബോർഡ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യാകാർമികത്വത്തിൽ തിരുവാഭരണങ്ങൾ ചാർത്തി. ഉച്ചക്ക് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേത്യത്യത്തിൽ തയ്യാറാക്കിയ അന്നദാനവും നടന്നു.