s

ആലപ്പുഴ: വേനൽച്ചൂട് കടുക്കുകയും റംസാൻ നോയമ്പ് ആരംഭിക്കുകയും ചെയ്തതോടെ വിപണിയിൽ പഴവർഗങ്ങൾക്ക് ഓരോ ദിവസം തോറും വില ഉയരുന്നു. ഏത്തപ്പഴം, ഞാലിപ്പൂവൻ പഴം, മുന്തിരി, ആപ്പിൾ എന്നിവയ്ക്ക് കഴിഞ്ഞ മാസത്തേക്കാൾ കിലോഗ്രാമിന് 30 മുതൽ 70 രൂപ വരെയാണ് വർദ്ധിച്ചത്. സർക്കാർ സംരംഭമായ ഹോർട്ടികോർപിൽ പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവ് ഉണ്ടെങ്കിലും എല്ലാ ഇനം പഴവർഗങ്ങളും ഇവിടെ ലഭ്യമല്ല.

പഴങ്ങളുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൃഷിയെ കാര്യമായി ബാധിച്ചു. 30രൂപയായിരുന്ന ഏത്തപ്പഴത്തിന്റെ വില കിലോയ്ക്ക് 65 രൂപയായി ഉയർന്നു. ഞാലിപ്പൂവൻ പഴത്തിന്റെ വില 30ൽ നിന്ന് 68 ആയി. ഓറഞ്ചിന് 30രൂപയിൽ നിന്ന് 100ഉം ആപ്പിളിന് 150ൽ നിന്ന് 240 രൂപയുമായി വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ പഴമാങ്ങയ്ക്ക് 30 മുതൽ 40രൂപ വരെ ആയിരുന്നു. ഇന്നലത്തെ വില 80 മുതൽ 100രൂപവരെയാണ്. ഏത്തപ്പഴത്തിന് 90രൂപവരെ ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. നോമ്പുമുറക്കുന്നതിനുള്ള പ്രധാന ഇനങ്ങളായ കാരയ്ക്ക, ഈന്തപ്പഴം എന്നിവയുടെ വിലയും വർദ്ധിച്ചു. അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് മൂലം വാഹനവാടക കൂടുന്നതും വിലവർദ്ധനവിന് കാരണമാകുന്നു.

മൊത്തവ്യാപാരികളുടെ കള്ളത്തരം

മൊത്തവ്യാപാരികൾ മനപൂർവം വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. വില്പന കൂടുതലുള്ള മുന്തിരി, ആപ്പിൾ ഇനങ്ങൾ മൊത്തവ്യാപാരികൾ സീസൺ സമയത്ത് സ്റ്റോറിൽ സംഭരിച്ചു വയ്ക്കും. ഓഫ്സീസണിൽ ചെറുകിടക്കാർ ആവശ്യപ്പെടുന്ന അത്രയും തൂക്കം നൽകാതെ സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞു വില വർദ്ധിപ്പിക്കുകയാണ് പതിവ്. സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ആപ്പിൾ അധിക തണുപ്പുമൂലം പലപ്പോഴും കേടാകുന്നതും പതിവാണ്.

അപ്രതീക്ഷിതമായിട്ടാണ് മൊത്തവ്യാപാരികൾ വിലക്കയറ്റം സൃഷ്ടിക്കുന്നത്. കൊവിഡ് നിയന്ത്രണ സമയത്ത് പഴവർഗങ്ങളുടെ വരവ് കുറവായിരുന്നിട്ടും വിലവർദ്ധിച്ചില്ല. നിയന്ത്രണങ്ങൾ മാറിയതോടെ ബോധപൂർവമായി വില വർദ്ധിപ്പിക്കുകയാണ്

- സുനിൽ, ചെറുകിട വ്യാപാരി, തോട്ടപ്പള്ളി

വില നിലവാരം (കിലോഗ്രാമിന് രൂപയിൽ)

(ഇന്നലെ, കഴിഞ്ഞമാസം എന്ന ക്രമത്തിൽ)

ഏത്തപ്പഴം.................65,30

ഞാലിപ്പൂവൻ.............65,30

ആപ്പിൾ......................240,150

ഓറഞ്ച്.....................100,60

മാതളം......................200,145

പേരയ്ക്ക തായ്ലന്റ്......140,110

മാങ്ങ........................150,90(കഴിഞ്ഞ സീസൺ)

പപ്പായ......................45,30

ഷമാം........................50,35

പൈനാപ്പിൾ............70,33

മുന്തിരി

കറുപ്പ്...................125,100

കുരുവില്ലാത്തത്..170,120

പച്ച......................140,20

സിട്രാ...................150,130

തണ്ണിമത്തൻ........25,20

ഈന്തപ്പഴം........... 300,400

കായ്ക്ക....................280,300