
ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പുഞ്ചക്കൊയ്ത്തിന് തിരിച്ചടിയായി വേനൽമഴയും ശക്തമായ കാറ്റും. വേനൽമഴ 45 ശതമാനം വർദ്ധിച്ച് 67.8 മില്ലീമീറ്ററാണ് പെയ്തിറങ്ങിയത്.
ഏഷ്യയിലെ ഏറ്റവും വലിയ പാടശേഖരമായ നീലംപേരൂർ ഇരുപത്തിനാലായിരം കായൽ (ഇ-ബ്ലോക്ക്) പാടശേഖത്തിലേതുൾപ്പെടെ വിളവെടുപ്പ് മുടങ്ങി. മഴവെള്ളം കെട്ടിക്കിടക്കുന്നത് പമ്പ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും മൂപ്പെത്തിയ നെൽച്ചെടികൾ ചെറിയ മഴയിൽ പോലും വീഴും. വീണു കിടക്കുന്ന നെല്ല് കൊയ്യാൻ രണ്ടര മണിക്കൂറിലധികം വേണം. ഒന്നരമണിക്കൂറിന് 2700 രൂപയായിരുന്ന യന്ത്രച്ചെലവ് അതോടെ 4600 വരെയായി. അനുവദനീയമായ 17 ശതമാനത്തിൽ നിന്ന് ഒരു ശതമാനം ഈർപ്പം കൂടിയാൽ മൂന്ന് കിലോഗ്രാം വരെ അധികം നെല്ല് കൊടുത്താലേ സംഭരണം നടത്തുകയുള്ളൂവെന്ന് പരാതിയുണ്ട്.
വിളവ് കുറവ്
ഏക്കറിന് 35 ക്വിന്റൽ വരെ പ്രതീക്ഷിച്ചിരുന്നിടത്ത് 20- 25 ക്വിന്റലാണ് ലഭിച്ചത്. ശക്തമായ കാറ്റും മഴയും പ്രവചിച്ചിരിക്കുന്നതിനാൽ കടുത്ത സമ്മർദ്ദത്തിലാണ് കർഷകർ. 648 പാടങ്ങളിൽ 90 പാടശേഖരങ്ങളിൽ മാത്രമാണ് വിളവെടുപ്പ് നടന്നത്. 500 കൊയ്ത്ത് യന്ത്രങ്ങളെത്തിക്കുമെന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉറപ്പു നൽകിയ ഏജന്റുമാർ എത്തിച്ചത് 310 എണ്ണം മാത്രം.
ഇത്തവണ താമസിച്ചാണ് കൃഷിയിറക്കിയത്. ദിവസങ്ങളോളം ശക്തമായ മഴ തുടർന്നാൽ കൊയ്ത്ത് അവതാളത്തിലാവും. വെള്ളത്തിലും ചെളിയിലും കുതിരുന്ന നെല്ല് കൊയ്തെടുക്കാനാവില്ല
- ആർ. ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ