ആലപ്പുഴ : സാമൂഹ്യവിരുദ്ധരുടെ കൈയിൽ നിന്ന് മോചനം നേടിയ കളർകോട് താനാകുളം കേന്ദ്രീകരിച്ച് ഒരുങ്ങുന്നത് വിശാലമായ പദ്ധതികൾ. കളർകോട് മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ താനാകുളത്തിന് ചുറ്റും കാടുപടർന്ന് പന്തലിച്ചതോടെയാണ് വർഷങ്ങളായി കഞ്ചാവ് സംഘം താവളമാക്കിയത്. കഴിഞ്ഞ വർഷം ഗാന്ധി ജയന്തി ദിനത്തിൽ 'ശുദ്ധം ശിവമയം" എന്ന പേരിൽ പ്രദേശവാസികളുടെ കൂട്ടായ്മ ടീം താനാകുളം സ്ഥലം വൃത്തിയാക്കി തുടങ്ങി. അഞ്ച് മാസം പിന്നിടുമ്പോൾ പ്രകൃതി സംരക്ഷണത്തിലൂന്നിയുള്ള വികസന പ്രവർത്തനങ്ങളുടെ പണിപ്പുരയിലാണ് ടീം താനാകുളം. ദേവസ്വംബോർഡിന്റെ അനുമതിയോടെ ജനകീയ പണസമാഹരണത്തിലൂടെയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ.

ടീം താനാകുളം

താനാകുളത്തിന്റെയും പരിസരപ്രദേശത്തിന്റെയും ശാപമോക്ഷം ലക്ഷ്യംവച്ച് പ്രായഭേദമന്യേ കളർകോട് നിവാസികൾ രൂപീകരിച്ച കൂട്ടായ്മയാണ് ടീം താനാകുളം. ഒന്നാംഘട്ടത്തിൽ ശുദ്ധം ശിവമയം എന്ന പദ്ധതി പ്രകാരം ശുചീകരണം നടത്തിയ സംഘം രണ്ടാം ഘട്ടത്തിന് ദേവാരണ്യകം എന്നാണ് പേര് നൽകിയത്. നാഷണൽ ബ്യൂറോ ഒഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിൽ നിന്ന് ശേഖരിച്ച 80 ഇനം നാട്ടുമാവുകൾ, 100 അലങ്കാരപ്പനകൾ, ക്ഷേത്രാവശ്യത്തിനുള്ള മുല്ല, ചെത്തി, അരളി എന്നിവയാണ് കുളത്തിന് ചുറ്റുമായി നട്ടിരിക്കുന്നത്. കുളത്തിന് പുറത്തുള്ള നടപ്പാതയിൽ നക്ഷത്ര വനമൊരുക്കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ച്ചകളിലും ടീം താനാകുളത്തിന്റെ അംഗങ്ങൾ രാവിലെ 7 മണി മുതൽ പരിപാലനത്തിന് എത്തും. നക്ഷത്ര വനത്തിലെ ചെടികൾക്കടക്കം വെള്ളമൊഴിക്കുന്നതിന് പൊതുജനസൗകര്യാർത്ഥം വലിയ വീപ്പ മണ്ണിൽ കുഴിച്ച് വെള്ളം നിറച്ച് വച്ചിട്ടുണ്ട്

രുദ്രപീഠം

കുളത്തിന്റെ ആറാട്ട് കടവിനോടും ആൽത്തറയോടും ചേർന്നുള്ള പറമ്പിൽ ഉടൻ തന്നെ രുദ്രപീഠമെന്ന പേരിൽ സ്റ്റേജ് ഒരുങും. സ്റ്റേജ് നിർമ്മാണത്തിനുള്ള പരിശോധനകൾ ദേവസ്വം ബോർഡിന്റെ പൊതുമരാമത്ത് വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. രുദ്രപീഠത്തിൽ പുലർച്ചെ യോഗയും വ്യായാമങ്ങളും ചെയ്യാം. ഡാൻസ്, പാട്ട് സ്കൂളുകൾക്ക് വൈകുന്നേരങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാം. മാസം തോറും ക്വിസ് മത്സരങ്ങളുണ്ടാകും. പുരാണ ക്ലാസ്, കരിയർ ഗൈഡൻസ് ക്ലാസ്, പി.എസ്.സി പരിശീലനം, ജീവിത ശൈലീ രോഗ നിയന്ത്രണ ക്ലാസുകൾ തുടങ്ങിയവയ്ക്ക് രുദ്രപീഠം വേദിയാകും.

മറ്റ് പദ്ധതികൾ

കുളത്തിന് സമീപം 480 മീറ്റർ നടപ്പാത

കോൺക്രീറ്റ് ഇരിപ്പിടങ്ങൾ

പകൽവീട്

ഓപ്പൺ ജിംനേഷ്യം

ഷട്ടിൽ കോർട്ട്

ഉന്തുവണ്ടിയിൽ ക്രമീകരിച്ച മൊബൈൽ ലൈബ്രറി

മെഡിക്കൽ ക്യാമ്പുകൾ

ചെസ് മത്സരങ്ങൾ

സി.സി.ടിവി കാമറകൾ

ആകെ സ്ഥലം: 3 ഏക്കർ

ഇതിനകം 5 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കികഴിഞ്ഞു. ഭാവി പദ്ധതികൾക്ക് എത്ര രൂപ ചിലവാകുമന്ന് കണക്കുകൂട്ടിയിട്ടില്ല. ജനകീയ പണ സമാഹരണത്തിന് പുറമേ, നഗരസഭയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു

- ടീം താനാകുളം