
1000 ഹെക്ടറിലെ നെല്ല് നിലംപൊത്തി
ആലപ്പുഴ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന വേനൽമഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ ആയിരം ഹെക്ടറിലെ നെല്ല് നിലംപൊത്തി. 8.75കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.
ഓരോ കൃഷിഭവന്റെയും പരിധിയിൽ കർഷകർ രജിസ്റ്റർ ചെയ്ത നാശനഷ്ടത്തിന്റെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. അടുത്ത നാല് ദിവസം കൂടി വേനൽമഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നു. 648 പാടശേഖരങ്ങളിലായി 27,493 ഹെക്ടർ നിലത്താണ് ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. ഇതിൽ 7,500 ഹെക്ടറിൽ താഴെ മാത്രമാണ് വിളവെടുപ്പ് പൂർത്തീകരിച്ചത്. പല പാടശേഖരങ്ങളിലും നൂറുമേനി വിളവുള്ള നെൽച്ചെടികളാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിലം പൊത്തിയത്. രണ്ടാംകൃഷിക്കുള്ള ജോലികൾ പൂർത്തീകരിച്ച 400 ഏക്കർ വിസ്തൃതിയുള്ള പെരുമാനിക്കര വടക്കേ തൊള്ളായിരം പാടശേഖരത്തിലാണ് മടവീണത്.
രണ്ടാഴ്ചക്കുള്ളിൽ 10,000 ഹെക്ടറിൽ വിളവെടുപ്പ്
കൃഷിവകുപ്പിന്റെ കലണ്ടർ അനുസരിച്ച് അടുത്ത രണ്ടാഴ്ചക്കുള്ളിൽ 80പാടശേഖരങ്ങളിലെ 10,000ഹെക്ടറിലാണ് വിളവെടുപ്പ് നടത്താനാണ് തീരുമാനം. പക്ഷേ, കൊയ്ത്ത് യന്ത്രത്തിന്റെ കുറവ് പ്രതിസന്ധിയാകും. 600 യന്ത്രങ്ങളാണ് വേണ്ടതെങ്കിലും ഇപ്പോൾ 310 യന്ത്രങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്. ഫെബ്രുവരിയിൽ കൂടുതൽ കൊയ്ത്ത് യന്ത്റങ്ങൾ തമിഴ്‌നാട്ടിൽ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. വേനൽക്കാലത്ത് ഒന്നര മണിക്കൂറിൽ ഒരു ഏക്കർ കൊയ്തെടുക്കാമെങ്കിൽ , പാടങ്ങളിൽ വെള്ളം നിറഞ്ഞാൽ ഇതിന്റെ ഇരട്ടിസമയം വേണ്ടിവരും. അപ്പോൾ,കൊയ്ത്ത് യന്ത്രത്തിന്റെ വാടക ഇനത്തിലും കൂടുതൽ തുക ചിലവാകും.
"കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന് തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ തുറന്നു. അച്ചൻ കോവിൽ ആറിന് കുറുകേ നിർമ്മിച്ച ഓരുമുട്ട് നീക്കം ചെയ്യുന്നതോടെ തോട്ടപ്പള്ളി സ്പിൽവേ വഴിയുള്ള ഒഴുക്ക് ശക്തമാകും. നിലംപൊത്തിയ നെല്ലിന്റെ കണക്ക് എടുക്കുന്നില്ല. കർഷകർ രജിസ്റ്റർ ചെയ്യുന്ന നഷ്ടത്തിന്റെ വിവരങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും.
- ശ്രീലേഖ, പ്രിൻസിപ്പൽ, കൃഷി ഓഫീസർ
പുഞ്ചകൃഷി
വിതച്ചത്.............. 27,493 ഹെക്ടർ
പാടശേഖരങ്ങൾ................ 648
വിളവെടുപ്പ് നടന്നത്.......... 7500 ഹെക്ടർ
കൊയ്ത്ത് യന്ത്റങ്ങൾ
ആകെ വേണ്ടത്.........................600
നിലവിലെത്തിയത്................... 310